കാഴ്ചകള്‍ ഇതുവരെ...

Friday, December 31, 2010

മലയാളികളുടെ മതി ഭ്രമം

നമ്മള്‍ മലയാളികളുടെ ശീലങ്ങള്‍ ലോക പ്രശസ്തമാണല്ലോ. നല്ല വരുമാനം,മുടിഞ്ഞ വൃത്തി, ആരോഗ്യ കാര്യത്തില്‍ അമേരിക്കയ്ക്ക് ഒപ്പം, കുടിച്ചു കൂത്താടുന്നതില്‍ അവരെക്കാള്‍ മുന്‍പില്‍..അങ്ങനെ എത്ര നല്ല ശീലങ്ങാലാണ് നമുക്ക്? ശീലങ്ങള്‍ കൂടിക്കൂടി അശ്ലീലം ( അതോ അശീലം?) ആയിപ്പോയോ എന്നൊരു സംശയവുമുണ്ട്. നമ്മള്‍ കേരളീയര്‍ക്ക് ശീലത്തോടൊപ്പം ഒരുപാട് ശീലക്കേടുകളും ഉണ്ട്. ഒരു തരം മതിഭ്രമം. എന്‍റെ കാഴ്ചപ്പാടില്‍ തോന്നിയിട്ടുള്ള മലയാളികളുടെ മതി ഭ്രമങ്ങള്‍ ഞാന്‍ ഒന്ന് പറഞ്ഞോട്ടെ. (എനിക്കിങ്ങനെ തോന്നിയത് വേറൊരു മതി ഭ്രമം.) 

മതി ഭ്രമത്തെ പറ്റി പറയുമ്പോള്‍ എനിക്ക്  ആദ്യം ഓര്‍മ വരുന്നത് എന്‍റെ പത്താംക്ലാസ് വെക്കേഷന്‍ സമയമാണ്. പരീക്ഷയൊക്കെ എഴുതി ഇനി കുറച്ചു നാള്‍ അര്‍മാതിക്കാം എന്ന് വിചാരിചിരിക്കുംപോഴാണ് എന്‍റെ പുന്നാര അച്ഛന്‍ എന്നെ ടൈപ്പ് റൈറ്റിംഗ് ക്ലാസ്സിനു കൊണ്ട് ചേര്‍ത്തത്.  അതെന്തിനായിരുന്നു എന്നെനിക്ക് അറിയില്ല. അക്കാലത്ത്‌ (വര്‍ഷം 2000) ഓഫീസുകളിലും മറ്റും ഈ യന്ത്രത്തില്‍ നിന്നും ഉയരുന്ന കട കട ശബ്ദം ഒരു ഐശ്വര്യമായിരുന്നു. ടൈപ്പ് റൈറ്റിംഗ് പഠിച്ചില്ലെങ്കില്‍ ജീവിതം വെയിസ്റ്റ് ആയി എന്ന് കരുതിയവരായിരുന്നു അക്കാലത്തെ മലയാളികള്‍. കുറച്ചു കാലത്തേക്ക് മലയാളിക്ക് ഒരു മതി ഭ്രമം. എന്തായാലും എനിക്ക് കിട്ടിയ ആ എണ്ണയിടാത്ത  യന്ത്രത്തില്‍ മുഷിഞ്ഞ കൂതറ പേപ്പറില്‍ എന്‍റെ പേര് ആദ്യമായി ടൈപ്പ് ചെയ്തപ്പോള്‍ എനിക്ക് അവാച്യമായ ഒരു അനുഭൂതി അനുഭവപ്പെട്ടെങ്കിലും കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ അവിടുന്ന് ചാടി. 

മലയാളികളുടെ മനസിനെ തരളിതമാക്കുന്ന വാഗ്ദാനങ്ങള്‍ നിരത്തിക്കൊണ്ടവതരിച്ച രണ്ടു സംഭവങ്ങളാണ് വാനിലയും മാഞ്ചിയവും. അങ്ങ് മഡ ഗാസ്കാറില്‍  ഉല്‍പാദനം  കുറഞ്ഞത്‌ കൊണ്ട് അടുത്ത ചാന്‍സ് കേരളത്തിനാണ് എന്നും ഇതു കേട്ട പാതി ഇവിടുത്തെ കര്‍ഷക ശ്രീകള്‍ പറമ്പിലുള്ള സകലമാന വിളകളും വെട്ടിക്കളഞ്ഞ് വാനില വള്ളികള്‍ പടര്ത്തിയതും നമുക്ക് ഓര്‍മയുണ്ട്.   വാനില കായ്കള്‍ നീളം വയ്ക്കുന്നത് സ്വപ്നം കണ്ടുറങ്ങിയ നമ്മുടെ പാവം കര്‍ഷകര്‍ക്ക് പക്ഷേ കാര്യമായൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് മൊത്തത്തിലുള്ള അവലോകനം. വാനില തൈ മോഷണം ,കായ മോഷണം തുടങ്ങിയ കലാപരിപാടികള്‍ അക്കാലത്ത്‌ അരങ്ങേറിയതിനാല്‍ വാനിലയ്ക്ക് സംരക്ഷണം കൊടുത്ത ആള്‍കാരും കുറവല്ല. മാഞ്ചിയത്ത്തിന്റെ അവസ്ഥയും ഇതു പോലെയാണ്. ഇപ്പോഴും  അന്ന് വച്ച മാഞ്ചിയം ഒന്നുമാകാതെ നില്‍ക്കുന്ന പറമ്പുകള്‍ നമുക്ക് ചുറ്റും ധാരാളം ഉണ്ട്. ഈ മതി ഭ്രമത്തില്‍ ചുറ്റിപ്പോയവരാണു  ധാരാളം മലയാളികള്‍. 

ഫാഷന്‍- മലയാളികള്‍ ഫാഷന് വലിയ സ്ഥാനം കൊടുക്കാത്ത ഒരു കാലം ഉണ്ടായിരുന്നു. നമ്മളെ സംബന്ധിച്ചു ഫാഷന്‍ എന്ന് പറഞ്ഞാല്‍ ഇത്തിരി ചാന്തും പൊട്ടും പൌഡറും കണ്മഷി യും മാത്രമായിരുന്നു. വാച് എന്ന ഉപകരണം സമയം നോക്കാന്‍ മാത്രമായിരുന്നു. കാലം മാറി, ഫാഷനും മാറി. ഇറക്കം കൂടിയും കുറഞ്ഞും പലതും നമുക്ക് മുന്‍പില്‍ അവതരിച്ചു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഫാഷന്റെ കാര്യത്തില്‍ കുറഞ്ഞു വന്നു. വസ്ത്രങ്ങളിലും ഈ "കുറവ്" പ്രകടമായി. മലയാളികളെ മൊത്തത്തില്‍ നോക്കിയാല്‍ ഫാഷന്‍  ഡിസാസ്ടര്‍ ആണ് കാണാന്‍ കഴിയുക.യോജിക്കാത്ത പലതും ഫാഷന്‍ ആയി കൊണ്ട് നടക്കുക. ലോ വെയിസ്റ്റ് പെന്‍സില്‍ ഫിറ്റ് ജീന്‍സുകള്‍ ആണല്ലോ കുമാരീ കുമാരന്മാര്‍ക്കിടയില്‍ ഇപ്പോള്‍ കത്തി നില്‍ക്കുന്നത്. ജീന്‍സിന് മുകളില്‍ ജോക്കീയോ കാല്‍വിന്‍ ക്ലെയിനോ കാണണം. അതാണ്‌ പ്രശസ്തമായ 'ലോ വെയിസ്റ്റ് നിയമം"  അനുശാസിക്കുന്നത്. കഴിഞ്ഞ ദിവസം ഒരുത്തനെ കണ്ടു. നല്ല കറുത്ത നിറം. മുടിയില്‍ കോപ്പര്‍ കളര്‍ ചെയ്തിരിക്കുന്നു. കരി ഓയില്‍ പാട്ടയ്ക്കു തീ പിടിച്ചപോലെ. കറുത്ത കംപ്ലെക്ഷന്‍ ഉള്ള ആള്‍  മുടിയ്ക്ക് ചുവപ്പ് നിറം കൊടുത്താല്‍ ശരിയാകുമോ? വേറൊന്നു കൂടി. സാദാ ജീന്‍സാണ്‌ പയ്യന്‍സ് ധരിച്ചിരിക്കുന്നത്. പക്ഷേ അത് മാക്സിമം വലിച്ചു താഴ്ത്തി അണ്ടര്‍ വെയര്‍ അങ്ങ് വയറു വരെ പൊക്കി വച്ചിട്ടുമുണ്ട്. ഇട്ടിരിക്കുന്നത് ഏതോ മൂന്നാം ക്ലാസിലെ കുട്ടിയുടെ ഷര്‍ട്ടും. പോരെ പൂരം.. നമുക്ക് ഇതാണ് ഫാഷന്‍. കുമാരിമാര്‍ കുറച്ചൊക്കെ സംയമനം പാലിക്കുന്നവരാണ്. ചുണ്ട് നിറം പിടിപ്പിച്ചും മുടി പാറി പറപ്പിച്ച്ച്ചും അവര്‍ നടക്കുന്നു.ഒരിക്കലുമത് തെറ്റല്ല, പക്ഷേ ബസില്‍ കയറിയിട്ട് മുന്‍പിലത്തെ സീറ്റില്‍ ഇരിക്കുന്ന യുവതി കാര്‍കൂന്തല്‍ അങ്ങ് കെട്ടഴിച്ചു  വിട്ടാല്‍ പിന്നിലെ സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് ജലദോഷം ഉറപ്പല്ലേ ? ഫാഷന്‍ ഒരു മതി ഭ്രമം ആക്കാതെ മര്യാദയ്ക്ക് അവനവനു ചേരുന്നത് തിരഞ്ഞെടുത്താല്‍ എന്താണ് കുഴപ്പം? 

അവസാനമായി ഒന്ന് കൂടി. മതി ഭ്രമം മൂത്ത് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നതും മലയാളിയുടെ ഒരു ആനന്ദമാകുന്നു. കേട്ടിട്ടില്ലേ രണ്ടു പേരുടെ കല്യാണം കഴിഞ്ഞു രണ്ടാഴ്ച തികച്ചായാല്‍ ഉടന്‍ വരും ചോദ്യം- "വിശേഷം ഒന്നുമായില്ലേ  ?" ആയെന്നു പറഞ്ഞാലും ആയില്ലെന്ന് പറഞ്ഞാലും ചോദിക്കുന്നവന് (പ്രത്യേകിച്ചും സ്ത്രീകള്‍) ഒന്നുമില്ല. എന്നാലും ചുമ്മാ ചോദിക്കും. നമ്മളെക്കാള്‍ നമ്മുടെ കാര്യത്തില്‍ ശ്രദ്ധ മറ്റുള്ളവര്‍ക്കാണ്.   ഇനി വടക്കേതിലെ ജാനു പ്രസവിച്ചു എന്ന് കേട്ടാലോ ഉടന്‍ വരും അടുത്ത ചോദ്യം- "കുട്ടി ആണോ പെണ്ണോ?" കുട്ടി ആണായാലും പെണ്ണായാലും ഒന്ന് മതി എന്ന കാര്യത്തില്‍ ഉപദേശിക്കാന്‍ ഒന്നുമല്ല ഇവര്‍ ഇത്യാതി അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചോദിച്ചില്ലെങ്കില്‍ എന്തോ ഒരിത്...അത്ര മാത്രം. അനവസരത്തിലുള്ള ചോദ്യങ്ങളും ധാരാളം. ഒരിക്കല്‍ഓഫീസില്‍ എന്നെ സുഹൃത്ത് കാണാന്‍ വന്നു. പോലീസില്‍ ആണ്  സുഹൃത്ത്. യൂണീഫോമില്‍ ആണ് വന്നത്.   അടുത്ത നിന്ന ആളിന് ഞാന്‍ സുഹൃത്തിനെ പരിചയപ്പെടുത്തി, ഉടന്‍ വന്നു ചോദ്യം സുഹൃത്തിനോട് - "ഇപ്പോള്‍ എന്ത് ചെയ്യുന്നു?" വേറൊരു സംഭവം- ഫിസിക്സ് ടീച്ചര്‍  ഇന്റര്‍വ്യൂ നടക്കുന്നു. സര്‍ട്ടിഫിക്കട്ടുകള്‍ പരിശോധിക്കുന്ന വേളയില്‍ ഒരു പെണ്‍കുട്ടിയോട് ചോദ്യം  - ' എക്സ് സര്‍വീസ് മാന്‍ ആണോ?" ....... കേരളത്തിലെ പ്രശസ്തമായ ഒരു സര്‍വകലാശാലയില്‍ അഭിമുഖംനടക്കുന്നു- ചോദ്യകര്‍ത്താവ്- "പേരെന്താണ്?' ഉദ്യോഗാര്‍ത്ഥി- പ്രസന്നന്‍ എല്‍ ജി. അടുത്ത ചോദ്യം- " ശരി നിങ്ങളുടെ ഇനിഷ്യലില്‍ ഉള്ള ഒരു ഉല്പന്നത്തിന്റെ പേര് പറയൂ.."
ഉദ്യോഗാര്‍ത്ഥി- " എല്‍ ജി ഇലക്ട്രോണിക്സ്. " ഉടന്‍ വന്നു അടുത്ത ചോദ്യം- "അതെന്താ എല്‍ ജി കായം പറയാത്തത്? " ചോദ്യകര്‍ത്താവ് വെറും ഒരു കായത്തിന്റെ  പേരില്‍ നടത്തിയ കടും പിടുത്തം കാരണം അയാള്‍ക്ക്‌ മാര്‍ക്ക് പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. 

ഇങ്ങനെ ഒത്തിരി ഭ്രമങ്ങള്‍ നമുക്ക് മലയാളികള്‍ക്ക് ഉണ്ടെങ്കിലും സത്യത്തില്‍ അതാണല്ലോ മലയാളിയുടെ മുഖ മുദ്ര. ഇതൊക്കെ കൊണ്ടായിരിക്കും നമ്മള്‍ മലയാളികള്‍ ബാക്കി ഭാഷക്കാരില്‍ നിന്നും വ്യത്യസ്തര്‍ ആകുന്നത്. മദ്യമാകുന്നു ഇപ്പോഴത്തെ ഭ്രമം. വരും വര്‍ഷങ്ങളിലും ആ ഭ്രമം പരകൊടിയിലെത്തും. എല്ലാവര്ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതു വല്സരാഷസ്മ്സകള്‍. (സോറി നാവു വഴങ്ങുന്നില്ല) സീ യു നെക്സ്റ്റ് ഇയര്‍......

സ്വല്പം അഹങ്കാരത്തോടെ...
അനില്‍ കൃഷ്ണതുളസി 

വാല്‍ക്കഷ്ണം- കേരളത്തില്‍ മദ്യ ഉപയോഗം ഇക്കഴിഞ്ഞ ക്രിസ്മസ്സിനു വീണ്ടും റെക്കോഡ് സൃഷ്ടിച്ച്ചല്ലോ. എല്ലാ പ്രാവശ്യത്തെ പോലെ ഇത്തവണയും ചാലക്കുടി ആണ് ഒന്നാം  സ്ഥാനത്ത്. ചാലക്കുടിക്കാരല്ല മറിച്ചു അവിടെ വരുന്ന വിനോദ സഞ്ചാരികളാണ് ഇത്രയ്ക്കും മദ്യം വാങ്ങി ഉപയോഗിക്കുന്നത് എന്നാണ്‌ ചാലക്കുടിയുടെ സ്വന്തം കലാഭവന്‍ മണി പറയുന്നത്. മറ്റുള്ളവരുടെ തലയില്‍ പഴി ചാരുന്നത് നമ്മള്‍ മലയാളികളുടെ വേറൊരു മതി ഭ്രമം.

Sunday, October 24, 2010

ധനവും സമാധാനവും

പണമുണ്ട്,മനസ്സിന് സുഖമില്ല ഈ പരാതി പലര്‍ക്കുമുള്ളതാണ്. പണം സംപാദിച്ചതുകൊണ്ട്   മാത്രം സമാധാനം കൈ വരുകയില്ല എന്നത്‌ വ്യക്തം. എന്നാല്‍ ആവശ്യത്തിനു പണം ഇല്ലെങ്കില്‍ എന്തെല്ലാം സംഭവിക്കാം? ചിലര്‍ ആത്മഹത്യയെ ക്കുറിച്ച് വരെ ചിന്തിക്കുന്നു. വാരിക്കൂട്ടിയ പണത്തിന്‍റെ മുകളില്‍ ഇരുന്നു കൊണ്ട് സ്വന്തം ജീവന്‍ എടുക്കുന്നവരുടെ കഥയും വിരളമല്ല. 

ധനവും സംതൃപ്തിയും തമ്മില്‍ ബന്ധമുണ്ട്, തീര്‍ച്ച. ജീവിതത്തില്‍ ആവശ്യമായ ഭക്ഷണം, വീട്, വസ്ത്രം ഇവയെല്ലാം ഉണ്ടെങ്കിലും കുടുംബ ജീവിതത്തില്‍ സന്തോഷം ഇല്ലാത്തതിനാല്‍ ആനന്ദമറിയാത്തവര്‍  ധാരാളമാണ്. സംതൃപ്തിക്ക് വേണ്ടി  അവര്‍ ശ്രമിക്കുന്നില്ല എന്നൊരു വശവും ഈ പ്രശ്നത്തിനുണ്ട്. കാലം ചെല്ലുമ്പോള്‍ പലരും തങ്ങളുടെ പ്രശ്നങ്ങളുമായി ഒത്തു ചേര്‍ന്ന് ജീവിക്കാന്‍ പഠിക്കുന്നു എന്നതാണ് ഇതിനു കാരണം. 

ഒരു വ്യവസായി പറഞ്ഞത് കേള്‍ക്കുക, നല്ല ബിസിനസ് ഉണ്ട്,പണം ധാരാളം വരുന്നു, ബിസിനസ് വികസിപ്പിക്കാനും സാധ്യതയുണ്ട്. പക്ഷേ മകന്‍റെ ജീവിത രീതികളില്‍ പിതാവ് സന്തുഷ്ടനല്ല. എന്തിനു കൂടുതല്‍ പണം ഉണ്ടാക്കി അയാള്‍ക്ക്‌ കൊടുക്കണം? ഇത്രയും തന്നെ അയാള്‍ക്ക്‌ ധാരാളമാണ്. ഈ നെഗറ്റീവ് ചിന്ത മൂലം ഇനി വളരേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് ആ പിതാവ്. 
പ്രശ്നം പരിഹരിക്കാനും ആനന്ദത്തിന്‍റെ വാതില്‍ തുറക്കാനും ശ്രമിച്ചു നോക്കിയോ എന്ന ചോദ്യത്തിനു തൃപ്തികരമായി മറുപടി നല്‍കാന്‍ പലര്‍ക്കും കഴിയുന്നില്ല. നിസ്സഹായരാണ് പലരും. ഭാര്യയുമായി ഒത്തു പോകാന്‍ കഴിയാത്ത ഒരു ഭര്‍ത്താവ് പറയുകയാണ്‌, ഇപ്പോഴത്തെ സ്ഥിതിയില്‍ എങ്കിലും മുന്നോട്ട് പോയാല്‍ മതിയെന്നേ ഉള്ളൂ. പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചാല്‍ സംഗതി കൂടുതല്‍ വഷളാകുമെന്ന് ഭയം. ഇതു പറയുന്ന ഭര്‍ത്താവിനു തന്നില്‍ തന്നെ വിശ്വാസം പോര എന്ന് നമുക്ക് തോന്നാം. മുപ്പതു ശതമാനം മാത്രം വിജയിച്ച വിവാഹ ജീവിതമാണ് തന്റേതെന്ന് അദ്ദേഹം പറയുന്നു. ബാക്കി എഴുപത് അടുത്ത ജന്മത്തിലാകട്ടെ എന്ന് ആശ്വസിക്കുകയും ചെയ്യുന്നു. 

ഇങ്ങനെ ചിന്തിക്കുന്നവരുടെ മനശാസ്ത്രം വികലമാണ്. ആനന്ദത്തിലേക്കുള്ള   വാതില്‍ അവര്‍ വലിച്ചടക്കുകയാണ്. അധികം സമ്പാദ്യം ഒനുമില്ലാത്ത്ത ഒരു ഗുമസ്തന്റെ മനോഭാവം കുറേക്കൂടി പോസിറ്റീവ് ആണ്. എന്‍റെ ധനം വര്‍ധിപ്പിക്കുക എന്നൊരു ചിന്തയെ എന്‍റെ മനസ്സില്‍ ഇല്ല. സമാധാനം ആയി എനിക്ക് ജീവിക്കാന്‍ കഴിയുന്നുണ്ട്. ഓരോ ദിവസവും ജോലി കഴിഞ്ഞു വന്നിട്ട് ഭക്ഷണം കഴിഞ്ഞിട്ട് കുടുംബാംഗങ്ങളുമായി  കുറെ സമയം ചിലവഴിക്കുന്ന അയാള്‍ക്ക്‌ നല്ല ഉറക്കം കിട്ടുന്നുണ്ട്. വലിയ ആദര്‍ശങ്ങളാല്‍ അയാള്‍ ബന്ധിതനല്ല. എന്നാല്‍ അടിസ്ഥാന പരമായ തത്വങ്ങള്‍ അയാള്‍ക്കുണ്ട്. തന്‍റെ കുടുംബത്തെ സ്നേഹിക്കുക എന്നതാണ് അതിലൊന്ന്.  കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഭാര്യയുടെ മാത്രം ഉത്തരവാദിത്തമല്ല. എല്ലാ കാര്യങ്ങളിലും അയാള്‍ക്ക്‌ ഒരു പങ്കുണ്ട്. ഇങ്ങനെ ഒരുമിച്ചു നീങ്ങുനതിന്റെ സുഖമാണ് കുടുംബ ജീവിതത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം എനയാല്‍ വിശ്വസിക്കുന്നു. 

വലിയ സങ്കല്പങ്ങള്‍ അയാളെ വഴി തെറ്റിക്കാറില്ല. ഒരു സാധാരണ ജീവിതവും അതിന്‍റേതായ ത്രില്ലും മാത്രം മതി അയാള്‍ക്ക്‌. പണമോ സമയമോ പാഴാക്കാതിരിക്കുക ആണ് അയാളുടെ വിശ്വാസ പ്രമാണത്തിലെ വലിയ തത്വം. നിയന്ത്രണത്തോടെ ജീവിക്കുന്നതിലൂടെ അത് സാധിക്കുമെന്ന് അയാള്‍ തെളിയിച്ചിരിക്കുന്നു. ധന സമ്പാദനത്തിനു സഹായിക്കുന്നതും ആ ചിന്തയാണ്. നേടാന്‍ പാടില്ലാത്തതായി ഒന്നുമില്ല എന്നയാള്‍ കേട്ടിട്ടുണ്ട് എങ്കിലും ഏതു ലക്ഷ്യത്തിനു പിന്നിലും അവനവന്‍റെ കഴിവുകളെ പറ്റിയുള്ള ബോധ്യം ഉണ്ടായിരിക്കണം എന്നയാള്‍ വിശ്വസിക്കുന്നു. സന്തോഷകരമായ  ഒരു ജീവിതത്തിനു അയാളെ വളരെ സഹായിച്ചിട്ടുള്ള ഒരു കാര്യം നമ്മെക്കാള്‍ ബുദ്ധിയും കഴിവുമുള്ളവര്‍ നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിയല്‍ ആണ്.  ചുറ്റുമുള്ളവരുടെ വികാരങ്ങളെ മാനിക്കാനും കഴിവുകളെ അഭിനന്ദിക്കാനും സാധിക്കുമ്പോള്‍ നമ്മുടെ ജീവിതം പ്രകാശ പൂര്‍ണ്ണമാകുന്നു. ബാങ്ക് ബാലന്‍സില്‍ മാത്രം വിജയം കാണുന്ന കണ്ണുകള്‍ രോഗം പിടിച്ച കണ്ണുകള്‍ ആണെന്ന് അയാള്‍ കരുതുന്നു. പുഞ്ചിരിയോടെ ദിവസം മുഴുവന്‍ ഇരിക്കാന്‍ സാധിക്കുമെങ്കില്‍ മറ്റുള്ളവരിലേക്ക് ഊര്‍ജ്ജം പകരാന്‍ അത് സഹായിക്കും. പ്രശ്നങ്ങളെ അപഗ്രഥിക്കാനുള്ള  മനസ്സുണ്ടായിരിക്കണം. പരിഹാരത്തിനുള്ള ആത്മാര്‍ത്ഥം ആയ ശ്രമവും വേണം. നമ്മുടെ തെറ്റുകളെ സമ്മതിച്ചു കൊടുക്കാനുള്ള വിനയം ഉണ്ടാകുമ്പോള്‍ മനസ്സിന് ഭാരം കുറയുകയും ആനന്ദം നമ്മിലേക്ക് നടന്നടുക്കുകയും ചെയ്യും.


ജോര്‍ജ് മാത്യു വരമ്പേല്‍ 

Tuesday, September 28, 2010

ചലച്ചിത്രത്തിന്റെ വഴികള്‍

സമയം കിട്ടുമ്പോഴെല്ലാം പഴയ കാല ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങള്‍ കാണുന്നത് എന്‍റെ ഒരു ശീലമാണ്. പണ്ട് ഇത്തരം ചിത്രങ്ങള്‍ ദൂരദര്‍ശനില്‍ സ്ഥിരം വരുമായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെ വരാറില്ല. കൈരളിയുടെ വീ ചാനലില്‍ രാത്രി ഒന്‍പതരയ്ക്ക് സ്ഥിരം ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങള്‍ വരും. പലതും ഞാന്‍ മുടക്കാറില്ല. ഒരു കാലഘട്ടത്തിലേക്കുള്ള തിരിച്ചു പോക്കാണ് അത്തരം ചിത്രങ്ങള്‍ എനിക്ക് തരുന്നത്.  എന്ന് വച്ചാല്‍ അന്നത്തെ കാലത്ത് നമ്മള്‍ ഇല്ലായിരുന്നല്ലോ, അപ്പോഴത്തെ സാമൂഹിക പശ്ചാത്തലവും പരിസ്ഥിതിയും ജീവിത നിലവാരവും മനുഷ്യ ബന്ധങ്ങളും  നമുക്ക് മനസിലാക്കി തരുന്ന ഒരു ഉപാധി യാണ് ഈ ചിത്രങ്ങള്‍. മനോഹരമായ ഗാനങ്ങളും കഥാ മുഹൂര്‍ത്തങ്ങളും അതിലുപരി അഭിനേതാക്കളുടെ ഒന്നിനൊന്നു മികച്ച പ്രകടനങ്ങളും അത്തരം ചിത്രങ്ങളുടെ ഹൈലൈറ്റ് തന്നെയായിരുന്നു. 

പഴയ ചിത്രം എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരുന്നത് അന്തരിച്ച തിക്കുറിശി സര്‍ ന്റെ ജീവിത നൗക  ആണ്. ഞാന്‍ അത് എവിടെ വച്ചാണ് കണ്ടത് എന്ന് ഓര്‍മയില്ല, പക്ഷെ അതില്‍ തിക്കുറിശി, തല പ്രത്യേക രീതിയില്‍ ഇടത്തോട്ടും വലത്തോട്ടും ആട്ടി ഒരു പാടു പാടുന്ന സീന്‍ ഇപ്പോഴുംനല്ല ഓര്‍മയുണ്ട്. വരൂ ഗായികേ വാനില്‍ വരൂ ഗായികേ എന്ന ഗാനം. നായിക  ഒരു കിലോമീറ്റര്‍ അപ്പുറത്ത് ഒരു ഓലയില്തൂങ്ങി കയ്യും കാലും കണ്ണും  ഇളക്കുന്നതല്ലാതെ വേറെ ഒന്നുമില്ല. പാട്ട് തീരുന്നതുവരെ നായകന്‍ അവിടെ തന്നെ തലയാട്ടി ഒറ്റ നില്‍പ്പാണ്.  എന്തൊരു അറുബോറന്‍ പ്രണയം.. പിന്നീട് തിക്കുറിശി സാറിന്‍റെ അത്തരം സിനിമകള്‍ ഒന്നും തന്നെ ഞാന്‍ കണ്ടിട്ടില്ല.

മനസ്സില്‍ ഒരുപാട് ചിത്രങ്ങള്‍ പിന്നെയും  ഉണ്ട്. മിക്കതും പ്രേംനസീറിന്റെയും  സത്യന്‍ മാഷിന്റെയും ചിത്രങ്ങള്‍. ഒരുകാലത്ത് മലയാളം സിനിമ അടക്കി വാണവര്‍. സിനിമയുടെ കാര്യത്തില്‍ റെക്കോഡ് ഇട്ടവര്‍. നൂറു നൂറു കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയവര്‍. കഥകള്‍ക്കും ഏകദേശ സാമ്യമുണ്ടാവും. ദാരിദ്ര്യം പിടിച്ച നായകന്‍, അവനു വലിയ വീട്ടിലെ അങ്ങുന്നിന്റെ മകളോട് അനുരാഗം തോന്നുന്നു. അല്ലെങ്കില്‍ നേരെ തിരിച്ച്‌,  ശീമയിലോ  മലയായിലോ ഉന്നത വിദ്യാഭ്യാസത്തിനു പോയി കൊച്ചു മുതലാളി  ബിസിനസ് നടത്താനായി  നാട്ടില്‍ വരുന്നു.അയാള്‍ക്ക് പാവപ്പെട്ട വേലക്കാരിയോട് പ്രേമം. ദുഷ്ടയായ അമ്മ, നല്ലവനായ കാര്യസ്ഥന്‍, മേമ്പൊടിയായി അടൂര്‍ ഭാസിയുടെയോ ബഹദൂരിന്റെയോ ഹാസ്യം. അടൂര്‍ ഭാസിയുടെ നിര്‍ദോഷമായ ഹാസ്യം കണ്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്‍റെ അച്ഛന്‍ ചിരിച് ചിരിഞ്ഞു കണ്ണ് നിറയുന്നത് കണ്ട ഞാന്‍ പലപ്രാവശ്യം ആത്മഗതം നടത്തിയിട്ടുണ്ട്, കഷ്ടം........  അടൂര്‍ ഭാസി തമാശ കാണിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ "കുവാന്‍ഗ്,കുവാന്‍ഗ് " എന്ന ശബ്ദം കേള്‍ക്കാറുണ്ട്.  എല്ലാ സിനിമയിലും ആ പ്രത്യേക ശബ്ദം ഉണ്ടായിരുന്നു. ആ തമാശകള്‍ കണ്ട്‌ ഒരു തലമുറ മുഴുവന്‍ ആര്‍ത്ത് ചിരിച്ചിരുന്നു. 

അന്നത്തെ സിനിമകളില്‍ മിക്ക സിനിമകളിലും ഉണ്ടായിരുന്ന ചില എലെമെന്റ്സ് ഉണ്ടായിരുന്നു. ഉദാഹരണത്തിന് മകന്‍ കഞ്ചാവ് വലിച്ചു വഴി പിഴക്കുമ്പോള്‍ അവന്‍റെ അച്ഛന്‍ ചുമച്ച്   ചുമച്ച് മാരകരോഗത്തിന് അടിമയാകും. മിക്കവാറും അസുഖം ക്ഷയമോ കുഷ്ടമോ ആകും. അതെ അന്നത്തെ കാലത്ത് ആധുനിക വൈദ്യ ശാസ്ത്രത്തിനു പോലും കീഴ്പ്പെടുത്താന്‍ കഴിയാത്ത മാരക രോഗം. ആ രോഗിയായ അച്ഛന്‍ മകനോട് പറയുന്നു, "മകനെ, നിന്നെ പഠിപ്പിച്ച് ഒരു ബി എ കാരന്‍ ആക്കണം എന്നായിരുന്നു സൗദാമിനി (അമ്മ) യുടെ ആഗ്രഹം, നീ കുലം മുടിച്ചല്ലോടാ ദ്രോഹീ..........." ഇത്രയും പറഞ്ഞു അയാള്‍ തല 360 ഡിഗ്രീ കോണില്‍ ഇളക്കി മരിക്കുന്നു. പിന്നീട് ജയന്‍ നായകന്‍ ആയി വന്നപ്പോള്‍ മാരക രോഗം ഒന്ന് കൂടി തീവ്രമായി രക്താര്‍ബുദം ആയി. പഴയകാല നായികമാരില്‍ രക്താര്‍ബുദം വന്നു മരിച്ചവര്‍ ഏറെയാണ്‌. പിന്നെയുമുണ്ട് സംഗതികള്‍. ദാരിദ്ര്യം കാരണം അബലയായ നായിക ആത്മഹത്യ ചെയ്യുന്നു. ശവം ഉമ്മറത്ത് കിടത്തിയിരിക്കുന്നു.  തൂവെള്ള സാരി. കിടപ്പ് അറ്റെന്‍ ഷനില്‍. മുഖത്ത് കട്ടയ്ക്ക് വെള്ള പൂശിയിരിക്കുന്നു. കറുത്ത ലിപ്സ് ടിക്ക്. മക്കളായ അനുജനും ജ്യേഷ്ടനും കള്ള വണ്ടി  കയറി  രണ്ടു വഴിയ്ക്ക്. ഒരാള്‍ നല്ലവനും മറ്റൊരാള്‍ കൊള്ളക്കാരനും ആകുന്നു. അവസാനം "ജ്യേഷ്ടാ, അനുജാ എന്ന് വിളിച്ച് വികാര നിര്‍ഭരം ആയ കെട്ടിപ്പിടുത്തം.  

പിന്നെയുമുണ്ട് കഥകള്‍ വേറെ. ബെഡ് റൂം സീനില്‍ സീലിംഗ് ഫാന്‍ കാണിക്കുന്നത്, തടിച്ചു കൊഴുത്ത മാദക സുന്ദരി മദ്യ ശാലയുടെ മുകളിലത്തെ നിലയില്‍ നിന്നും കുലുങ്ങി കുലുങ്ങി കളിച്ചു കളിച്ചു താഴേക്ക് ഇറങ്ങി വരുന്നത്, രണ്ടു ദിവസം കൊണ്ട് അതിയായ ദുഖത്താല്‍ കട്ടയ്ക്ക് താടി വളരുന്ന നായകന്‍, പ്രിയതമനെ ടെലെ ഫോണില്‍ "കാണ്ടാക്റ്റ് " ചെയ്യുന്ന കൊച്ചമ്മ, മുട്ടറ്റം ഇറക്കമുള്ള പാവാട ഇട്ട്‌ പരിഷ്കാരിയായി  "കാളേജില്‍" പോകുന്ന 18 കാരി, രഹസ്യ സങ്കേതത്തില്‍ നൂറോളം ബള്‍ബുകള്‍ കത്തിച്ചു വച്ച് " മുവാംഗ്.. ." എന്ന മുരള്‍ച്ചയോടെ തുറക്കുന്ന  യന്ത്ര വാതിലില്‍ കിങ്കരന്മാരെ കാവല്‍ നിര്‍ത്തുന്ന അധോലോക നായകന്‍, അങ്ങനെ എത്ര എത്ര ആളുകള്‍. എനിക്ക് തോന്നിയിട്ടുള്ള വേറൊരു കാര്യം സംഘട്ടനം നടത്തുന്ന രീതിയാണ്, പഴയ നായകന്മാര്‍ "പിശ്യൂം.. പിശ്യൂം..." എന്ന് വില്ലനെ അടിചിടുമ്പോള്‍ ജയനെപ്പോലുള്ള ആളുകള്‍ വില്ലന്റെ അടിച്ചു ശേരിപ്പെടുത്ത്‌ന്ന വിധം വേറെയാണ്. അവിടെ കേള്‍ക്കുന്ന  ശബ്ദം "ട്ടഹ... ട്ടഹ...' എന്നാണ്‌. പിന്നെ അടിക്ക് ഭയങ്കര വേഗവും പിന്നണിയില്‍ "ണാകുട് കുടുതും ണാകുട് കുടുതും ണാകുട് കുടുതും ണാ.." എന്ന ശീല്‍ക്കാരവും. പ്രേം നസീര്‍ ഒരിക്കല്‍ എഴുനിലക്കെട്ടിടത്ത്തില്‍ ചാടിക്കയറി യത് എനിക്ക് ഇപ്പോഴും അത്ഭുതമാണ്. അംഗ രാജ്യത്തിലെ കുങ്ക മഹാരാജാവായി നസീര്‍ കച്ച കെട്ടി നില്‍ക്കുന്നു. അന്തപ്പുരത്തില്‍ അഞ്ചു കിലോ ഭാരം വരുന്ന തലക്കെട്ടും ആടയാഭരണങ്ങളും ആയി നായിക. നായകന് നായികയെ കാണണം. നായകന്‍ ഒന്ന് ചാടി, ഭൂമിക്ക് നോവുന്നത് പോലെ. 'ടൂംഗ്.. എന്ന ഒരു ശബ്ദത്തോടെ നായകന്‍ കൊട്ടാരത്തില്‍. പിന്നെ അവിടെ നടക്കുന്ന രംഗം പക്ഷെ അപ്പോള്‍ കാണിക്കുന്ന  മുയലുകളെയോ ഇണപ്രാവ് കളെയോ മാന്‍ പേട കളെയോ  കണ്ട്‌  നമ്മള്‍ ഊഹിച്ചു കൊള്ളണം. 

ഇങ്ങനെ അന്നത്തെ കാലത്ത് ഒരു തലമുറയെ തൃപ്തിപ്പെടുത്തിയ എല്ലാവരുടെയും വിയര്‍പ്പിന്‍റെ വില മനസിലാകണം എങ്കില്‍ വല്ലപ്പോഴും അത്തരം സിനിമകള്‍ നമ്മള്‍ കാണണം. മലയാള സിനിമയെ ഇന്നത്തെ ഈ നിലയില്‍ എത്തിക്കാന്‍ അവര്‍ നടത്തിയ പരിശ്രമങ്ങള്‍ നാം മറന്നു കൂടാ.കാലം മാറി,കഥ മാറി,നിറംമാറി. എങ്ങിലുംഗതകാല സ്മരണകളും ആയി സിനിമകള്‍ ചാനലില്‍ വീണ്ടും വീണ്ടും. അയോധ്യയും മൂലധനവും ചട്ടക്കാരിയും ആഭി ജാത്യവും, സര്‍വെക്കല്ലും,ഭാര്യയും, ഭാര്‍ഗവീ നിലയവും എല്ലാം നമ്മുടെ മുന്‍പില്‍വീണ്ടും വീണ്ടും തെളിയുന്നു. നമുക്കത് കാണാം. 

ശുഭം...... 

Tuesday, September 21, 2010

ചില മൊബൈല്‍ ഫോണ്‍ ചിന്തകള്‍

മനുഷ്യ രാശിക്ക് മുഴുവന്‍ ഇടിവെട്ട് സംഭാവനകള്‍ നല്‍കിയ ഒരു അത്ഭുത യന്ത്രം ആണല്ലോ ഈ മൊബൈല്‍ ഫോണ്‍. മൊബൈല്‍ ഇല്ലാത്തവര്‍ ആയി ഇന്ന് ആരുമില്ല. ഓ, ഉമ്മന്‍ ചാണ്ടിയ്ക്ക് മൊബൈല്‍ ഫോണ്‍ ഇല്ല എന്ന് ഇന്നലെ പത്രത്തില്‍ വായിച്ചു, ബട്ട്‌ ഡോണ്ട് വറി, അദ്ദേഹത്തിന്റെ PA മാരുടെ കയ്യില്‍ ആവശ്യത്തിനു ഫോണ്‍ ഉണ്ട്. ഏല്ലാവര്‍ക്കും ഫോണ്‍. അരിക്ക് ഇവിടെ പൊള്ളുന്ന വില, പക്ഷെ സിം കാര്‍ഡുകള്‍ ടോടലി  ഫ്രീ. അതാണ്‌ അവസ്ഥ. കേരളത്തില്‍ ഇപ്പോള്‍ തന്നെ എട്ടോളം സേവന ദാതാക്കള്‍ ഉണ്ട്. ഇവരെല്ലാം തമ്മില്‍ കൊടിയ മത്സരവും. മുതലാക്കാന്‍ പറ്റിയ ധാരാളം പ്ലാന്‍സ് ഇവര്‍ക്കെല്ലാം ഉണ്ട് താനും. 

ഞാന്‍ ആദ്യമായി ഒരു മൊബൈല്‍ ഫോണ്‍ പച്ചയോടെ കാണുന്നത് കഴക്കുട്ടത്ത് അകാദമി ഓഫ് ഇംഗ്ലീഷ്  ഇല്‍ പ്രീ ഡിഗ്രീയ്ക്  പഠിക്കുമ്പോളാണ്. 2001 ഇല്‍. അവിടുത്തെ പ്രിന്‍സിപ്പല്‍ ആയിരുന്നു ശ്രീ ജ്യോതിഷ് ചന്ദ്രന്‍. സര്‍ ന്റെ കയ്യില്‍ ഒരു തടിമാടന്‍ ഫോണ്‍ ഉണ്ടായിരുന്നു. ഒരു മൊബൈല്‍ ഫോണ്‍ ഏകദേശം ഇങ്ങനെ ഒക്കെ ഇരിക്കും എന്ന് അന്നെനിക്ക്  മനസിലായി. ഓര്‍ഗാനിക് കെമിസ്ട്രി ആണ് സര്‍ ന്റെ വിഷയം. നല്ല ക്ലാസ് ആണ്, പക്ഷെ ക്ലാസില്‍ വന്നാല്‍ പഠിപ്പീര് നടക്കില്ല. കക്ഷിക്ക് നിരന്തരം ഫോണ്‍ കാളുകള്‍ ഇങ്ങനെ വന്നു കൊണ്ടിരിക്കും. അതിനിടയില്‍ ക്ലാസ്സിന്റെ ആ ടെമ്പോ അങ്ങ് മുറിഞ്ഞു പോകും.ഇതായിരുന്നു എല്ലാ ക്ലാസ്സിലും സംഭവിക്കുന്നത്. അവസാനം സര്‍ ആ പരിപാടി നിര്‍ത്തി, ഐ മീന്‍ ക്ലാസ്സ്‌ എടുക്കുന്ന ജോലി വേറെ ഒരു സാറിനെ ഏല്‍പിച്ചു. അവര്‍ക്കാര്‍ക്കും മൊബൈല്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട് പിന്നീടുള്ള ക്ലാസ്സ്‌ ഒക്കെ സ്മൂത്ത്‌ ആയിരുന്നു. എന്നാലും പോക്കറ്റില്‍ ആ അരക്കിലോ ഭാരം വരുന്ന അല്ക്കാട്ടെല്‍ ഫോണ്‍ ഇട്ട്‌ കുപ്പായം തൂങ്ങിയിറങ്ങി വരുന്ന ജ്യോതിഷ് സാര്‍  നെ ഓര്‍ക്കാന്‍ നല്ല രസമുണ്ട് ഇപ്പോളും. 

ഏതാണ്ട് ഇതേ കാലയളവില്‍ എന്‍റെ വീടിനടുത്തുള്ള വിജയ കുമാരന്‍ എന്നയാള്‍ക്കും ഇതുപോലൊരു ഫോണ്‍ ഉണ്ടായിരുന്നു. പക്ഷെ അയാള്‍ വീട്ടിലെ ഫോണ്‍ പോക്കറ്റില്‍ ഇട്ട്‌ നടക്കുന്നു എന്നാണു ഞാന്‍ കരുതിയിരുന്നത്. മഹാത്മാ ഗാന്ധി കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രീയ്ക് പഠിക്കുന്ന സമയം. അവിടെ അന്ന് യൂണിയന്‍ ചെയര്‍മാന്‍ ഒരു താടിക്കാരന്‍ പയ്യന്‍ ഉണ്ടായിരുന്നു. അവന്‍റെ കയ്യിലും ഇതേ ഭാരിച്ച ഫോണ്‍ തന്നെയായിരുന്നു. അവന്‍ അതും ചെവിയില്‍ വച്ച് ചിരിച്ചുല്ലസിച്ച് കോളേജിന്റെ തെക്ക് വടക്ക് വലിയ ഗമയില്‍  നടന്നു പോകുന്നത് ഞങ്ങള്‍ പല പ്രാവശ്യം നോക്കി നിന്നിട്ടുണ്ട്. സാറന്മാരുടെ കയ്യില്‍ പോലും അന്ന് ഇങ്ങനെ ഒരു സാധനം  ഇല്ല. പിന്നീട് ഞങ്ങള്‍ ഫൈനല്‍ ഇയര്‍ ആയപ്പോള്‍ ക്ലാസിലും മുഴുവന്‍ കോളേജിലും കുറച്ചുപേരുടെ കയ്യിലെങ്ങിലും ഫോണ്‍ വന്നു ചേര്‍ന്നിരുന്നു. ആ സമയം ആയപോഴേക്കും മൊബൈല്‍ ഫോണിന്‍റെ ആകൃതിയ്ക്കും വലിപ്പത്തിനും രൂപാന്തരണം സംഭവിച്ചു കഴിഞ്ഞിരിന്നു. 

ക്ലാസ്സില്‍ മൊബൈല്‍ ഫോണ്‍  ഉള്ളവരോട് അതൊന്നു വാങ്ങി തിരിച്ചും മറിച്ചും ഒന്ന് നോക്കണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ അവര്‍ അത് ഓപ്പറേറ്റ് ചെയ്യുന്ന രീതി ഒക്കെ കാണുമ്പോള്‍  മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നും. അവര്‍ സംസാരിക്കുന്ന റീചാര്‍ജ്, സിം കാര്‍ഡ്, ബാലന്‍സ്, ഇന്‍കമിംഗ്,ഔട്ട്‌ ഗോയിംഗ്, തുടങ്ങിയ സാങ്കേതിക  പദങ്ങള്‍ എന്താണെന്ന് മനസിലാക്കാനുള്ള കെല്‍പ് അന്ന്  തുലോം കുറവായിരുന്നു. അതുകാരണം ഈ വിഷയത്തില്‍ ഞങ്ങള്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ബാക്കി കുട്ടികള്‍ എല്ലാം ഇതെപ്പറ്റി കമാ എന്നൊരക്ഷരം മിണ്ടാതെ അങ്ങ് മാറിപ്പോകുക ആയിരുന്നു പതിവ്. 

ആദ്യമായി ഞാന്‍ ഈമൊബൈല്‍ ഫോണ്‍ കയ്യില്‍ എടുക്കുന്നത് 2003 ഇല്‍ ആണ്. എന്‍റെ വീട്ടിനടുത്ത് ഒരു പോറ്റിയും കുടുംബവും താമസിച്ചിരുന്നു. അയാളുടെ മക്കളെ ഞാന്‍ ട്യൂഷന്‍ എടുത്തിരുന്നു. ഒരിക്കല്‍ പഠിപ്പിക്കാന്‍ ചെന്നപ്പോള്‍ "ഞങ്ങള്‍ പുതിയ ഫോണ്‍ വാങ്ങി ചേട്ടാ, ഇതിന്റെ റിംഗ് ടോണ്‍ മാറ്റിത്തരണം" എന്ന് പറഞ്ഞു കൊണ്ട് ഒരു കറുത്ത കനം  കുറഞ്ഞ ദീര്‍ഘ ചതുരത്തിലുള്ള  ഒരു സാധനം എന്‍റെ കയ്യിലേക്ക് നിക്ഷേപിച്ചു. മൊബൈല്‍ ഫോണ്‍ ഇത്ര സ്ടയിലിഷ് ആണോ എന്നെനിക്ക്   തോന്നിപ്പോയി. ശരി, ആ  യന്ത്രം കൈപ്പറ്റി നിമിഷങ്ങള്‍ക്കകം എനിക്ക് ഒരു തരം വിറയല്‍ അനുഭവപ്പെട്ടു. വിയര്‍ക്കാനും തുടങ്ങി. ലേബര്‍ റൂമില്‍ നിന്നും ടയരക്റ്റ് ആയി നവജാത ശിശുവിനെ കൈപ്പറ്റിയ ഉടായിപ്പ് ഭര്‍ത്താവിന്‍റെ മാനസിക സംഘര്‍ഷം പോലെ ഒരു വല്ലാത്ത പിരിമുറുക്കം എനിക്ക് അനുഭവപ്പെട്ടു.   നമുക്ക് ആ കുന്തത്തിന്റെ അങ്കാ  പുങ്കാ അറിയില്ലെടാ മക്കളെ എന്ന് പറയാനുള്ള ആത്മ ധൈര്യം എനിക്ക് തോന്നിയില്ല. എന്‍റെ കൈ വിറക്കുന്നത്‌ കണ്ട  ഗണേഷ് ഉടനെ തന്നെ അത് തിരിച്ചു വാങ്ങി. എന്നെ കളിയാക്കുകയും ചെയ്തു. ഞാന്‍ ഗമ കാട്ടി എന്തോ തിരിച്ചും പറഞ്ഞു. പക്ഷെ പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ അവരുടെ ഫോണില്‍ കാര്യങ്ങള്‍ ഒക്കെ പഠിച്ചു. അങ്ങനെയിരിക്കെ സനീഷ് പുതിയ ഫോണ്‍ വാങ്ങി. എന്‍റെ മൊബൈല്‍ ഫോണിലുള്ള അപാര ജ്ഞാനം പരീക്ഷിക്കാനുള്ള പറ്റിയ അവസരം ആയി ഞാന്‍ അതിനെ കണ്ടു. അതൊരു  ഓണക്കാലം ആയിരുന്നു. അവന്‍റെ ഫോണ്‍ വാങ്ങി എന്‍റെ പരിചയത്തിലുള്ള കുറെപ്പേര്‍ക്ക്മെ ഞാന്‍ മെസ്സേജ് അയച്ചു. ഫോണിന്‍റെ ബാലന്‍സ് കളഞ്ഞതിന് അവന്‍ എന്നെ ഇനി വിളിക്കാന്‍ തെറിയോന്നുമില്ല.  ഫോണിനും ബാലന്‍സ് ഉണ്ട് എന്ന നഗ്ന സത്യം ഞാന്‍ അന്ന് മനസിലാക്കുകയായിരുന്നു.

എം എസ്സി യ്ക്ക് പഠിക്കുമ്പോള്‍ ശ്രീകാര്യം ചാവടി മുക്കില്‍ പഠിപിക്കാന്‍ എന്നെ  ഷിജു ചേട്ടന്‍ വിളിച്ചു. ഓക്കേ ആണെങ്കില്‍ എന്നെ വിളിച്ചു പറയണം എന്ന് പറഞ്ഞു എനിക്ക് ഫോണ്‍ നമ്പര്‍ തന്നു. ഈശ്വരാ........ ഷിജു ചേട്ടനും ഫോണോ, എനിക്കിനി ചത്താല്‍ മതി എന്ന് ഞാന്‍ അപലപിച്ചു. 2005 ആണ് വര്‍ഷം. എന്തായാലും ആ വര്‍ഷം തന്നെ ഞാന്‍ ഒരു ഫോണ്‍ വാങ്ങി. ഈ ഷിജു ചേട്ടനും ഒരു ഷഫീര്‍ ചേട്ടനും കൂടി ആണ് എനിക്ക് ഫോണ്‍ സെലക്ട്‌ ചെയ്തു തന്നത്. ആ ഫോണിനു ഇപ്പോഴും ഒരു കുഴപ്പവും വന്നിട്ടില്ല. 

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ വയ്യാത്ത അവസ്ഥ വരെയെത്തി കാര്യങ്ങള്‍. ഒന്നിന് പകരം രണ്ടും മൂന്നും ഫോണ്‍ ഉപയോഗിക്കുന്നവര്‍. സാങ്കേതിക പരമായി കാര്യങ്ങള്‍ ഒരുപാട് മുന്നേറി. എന്നാലും ഈ അവസ്ഥ വരെയെത്താന്‍ ഞാനും നിങ്ങളും സഞ്ചരിച്ച വഴികളെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരുപാട് വളവും തിരിവും. വഴികളെപ്പറ്റി പറഞ്ഞപ്പോള്‍ ഒരു കാര്യം കൂടി. എന്‍റെ വീടിനടുത്ത്‌ ഒരുപാട് ഹിന്ദിക്കാര്‍ താമസിക്കുന്നുണ്ട്. അവര്‍ ജോലിക്ക് പോകുന്നത് എന്‍റെ വീടിനടുത്തുള്ള ഇടവഴിയില്‍ കൂടിയാണ്. എപ്പോഴും മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടും വച്ചു കൊണ്ടാണ് അവര്‍ വരി വരിയായി പോകുന്നത്. പത്ത് പതിനഞ്ചു ഫോണില്‍ നിന്നുള്ള  "മനോഹര   ഗാനങ്ങള്‍" ആണ് നിത്യവും എന്നെ ഉണര്‍ത്തുന്നത്. റിയലി എ ഫോഴ്സ്ഫുള്‍ എവെക്കനിംഗ്... നിവര്‍ത്തിയില്ല സുഹൃത്തുക്കളെ നിവര്‍ത്തിയില്ല....  

Monday, September 13, 2010

അനില്‍ കുമാര്‍ വി,റോള് നമ്പര്‍ 63, സെന്‍റ് സേവിയേഴ്സ് കോളേജ്

പത്താം ക്ലാസ് കഴിഞ്ഞു എനിക്ക് പ്രീ ഡിഗ്രിയ്ക്ക് അഡ്മിഷന്‍ കിട്ടിയത് തുമ്പ സെന്‍റ് സേവിയേഴ്സ് കോളേജില്‍ ആയിരുന്നു. അവസാനത്തെ പ്രീ ഡിഗ്രി ബാച് ആയിരുന്നു ഞങ്ങള്‍. കോളേജിലെ ആദ്യത്തെ ദിവസം താനെ അടിപൊളി ആയിരുന്നു. സീനിയേഴ്സ് വക ഉഗ്രന്‍ കലാപരിപാടികള്‍ ഞങ്ങളുടെ സ്വാഗത ദിവസംതന്നെ അരങ്ങേറി. പിറ്റേന്ന്  ക്ലാസ്സില്‍ എത്തിയ ഞാന്‍ അന്തം വിട്ടുപോയി. ഒരു ക്ലാസ് നിറയെ കുട്ടികള്‍. അതില്‍ മുക്കാല്‍ പങ്കും പെണ്‍കുട്ടികള്‍. ആദ്യമായിട്ടായിരുന്നു ഒരു ക്ലാസ്സില്‍ ഞാന്‍ ഇത്രയും കുട്ടികളെ കാണുന്നത്. റോള് വിളിച്ചതില്‍നിന്നും ഏകദേശം തൊണ്ണൂറോളം കുട്ടികള്‍ ഉണ്ടെന്നു  മനസിലായി. സ്കൂളില്‍ എന്റെ കൂടെ പഠിച്ച കുറച്ചു പേരെ കണ്ടപ്പോള്‍ തന്നെ  അല്‍പം ആശ്വാസമായി. അനസ്, കൃഷ്ണകുമാര്‍, രജിത തുടങ്ങിയവരെ എനിക്ക് സ്കൂളില്‍ വച്ചേ പരിചയം ഉണ്ട്. 

ആദ്യത്തെ പിരീഡ്, അല്ല പിരീടിനു പകരം അവര്‍ എന്നാണു അവിടെ പറഞ്ഞിരുന്നത്. ഓക്കെ, ആദ്യത്തെ അവര്‍ ഇംഗ്ലീഷ് ആയിരുന്നു. ടീചെറിന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. കോളേജിലെ ആദ്യത്തെ ദിവസം ഒരു പേജില്‍ വര്‍ണ്ണിച്ച് തകര്‍ക്കാനാണ് ടീച്ചര്‍ ആവശ്യപ്പെട്ടത്. പോരെ പൂരം. ഞാന്‍ അങ്ങ് വണ്ടര്‍ അടിച്ചു പോയി. നമ്മള്‍ ഏറ്റവും മുന്‍പിലത്തെ ബെഞ്ചിലാണ് ഇരിക്കുന്നത്. പഠിപ്പിക്കാനുള്ള ത്വര മൂത്ത ടീച്ചര്‍ എങ്ങാനും ഇറങ്ങി വന്നു നോട്ട് ബുക്ക്‌ നോക്കിയാല്‍ അത് എനിക്ക് ക്ഷീണം ആകും. കാരണം നമ്മളെക്കൊണ്ട് ഒരു കോപ്പും എഴുതാനുള്ള വാസന അന്ന് ആ ദിവസം ഇല്ലായിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ടീച്ചറിന്റെ ഈപ്രസ്ഥാവന കേട്ടയുടന്‍ സകലമാന പെണ്ണുങ്ങളും ബുദ്ധി രാക്ഷസ ലുക്കിലുള്ള പയ്യന്മാരും പേപ്പര്‍ ഒക്കെ ചറ പറാ വലിച്ചു കീറി എഴുത്ത് ആരംഭിച്ചു. എഴുത്തോട്‌ എഴുത്ത്.  ഭാഗ്യത്തിന് അന്ന് ബെല്ലടിച്ചതുകൊണ്ട്  മാത്രമാണ്   ഞാനൊക്കെ  നൈസ് ആയി എസ്കേപ് ആയത്. 

ഞാന്‍ സെക്കന്ഡ് ഗ്രൂപ്പ്  ആണ് എടുത്തിരുന്നത്. ആ ഡിവിഷന്റെ കാരണവര്‍ ബോട്ടണി ഫാതര്‍ ആയിരുന്നു. സാറിനു ഞങ്ങളോട് വളരെയേറെ വാത്സല്യം ഉണ്ടായിരുന്നു. സാര്‍ ക്ലാസ് എടുക്കുന്നതിനും  ഒരു പ്രത്യേക രീതി ഉണ്ടായിരുന്നു.പ്രധാനപ്പെട്ട സംഭവങ്ങളൊക്കെ, ഉദാഹരണത്തിന് "സ്പോരാന്ജിയോ സ്പോഴ്സ് " എന്നൊക്കെ  പറയുമ്പോള്‍ വലതു ചെവിയില്‍ കൈ മുറുക്കി ഉപ്പൂറ്റിയില്‍ അല്‍പം ഉയരുന്നത് സാറിന്‍റെ ഒരു രീതിയാണ്. പിന്നെ മുഖം വലിച്ചു മുറുക്കി ചില ഗോഷ്ടികളും കാണിക്കും. ക്ലാസ്സില്‍ ഒന്നാം ബെഞ്ചില്‍ ഒന്നാമന്‍ ആയി വിനോദ് എന്ന ഒരുവന്‍ ഉണ്ടായിരുന്നു. ക്ലാസ്സിലെ ചെല്ലക്കിളി ആയിരുന്നു അവന്‍. അവന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു അനാസ്. "അനസേ വാടാ" എന്ന് നീട്ടി വിളിച്ചു കൊണ്ട് എപ്പോഴും കൊഞ്ചി ക്കുഴഞ്ഞു വര്‍ത്തമാനം പറഞ്ഞു നടക്കുന്ന ഒരു പാവം പയ്യനായിരുന്നു വിനോദ്. ഒരിക്കല്‍ ബോട്ടണി ഫാദര്‍ ഫങ്കസിനെ പറ്റി ക്ലാസ് എടുക്കുന്ന സമയം. അന്ന് ഉച്ചയ്ക്ക് ഈ അനസും വിനോദും പിന്നെ അല്‍ സെബിനും കൂടി എവിടുന്നോ  കുറെ മാവിന്റെ പൂപ്പലും ചുരണ്ടിക്കൊണ്ട് ക്ലാസ്സില്‍ വന്നു. എന്നിട്ട് ഫാദര്‍ നോട്‌  ഇത് ഇതു ഫങ്കാസ് ആണെന്ന്  ഒരു ചോദ്യവും.   ഫാദര്‍  ആ പൂപ്പല്‍ വാങ്ങി തിരിച്ചും മറിച്ചും നോക്കി. ഫാതെറിന്റെ കണ്ണില്‍ ഇരുട്ട് കയറുന്നു എന്ന് എനിക്ക് മനസിലായി.കാരണം ഞാന്‍ ഫ്രെണ്ട് ബെഞ്ചിലിരുന്നു സംഭവങ്ങളൊക്കെ വീക്ഷിക്കുകയാണ്. എന്തോ മുട്ടന്‍ scientific name പറഞ്ഞു ഒരു തരത്തിലാണ് അച്ചന്‍ അന്ന് രക്ഷപ്പെട്ടത്.  അത്രയ്ക്കുണ്ട് പഠിക്കാനുള്ള ലവന്മാരുടെ ത്വര. 

സുവോളജി പഠിപ്പിച്ചിരുന്ന സിറില്‍ സാറിന്‍റെ ഒരു കുഴപ്പം നോട്സ് എഴുതിയില്ലെങ്കില്‍ മുട്ടന്‍ തെറി വിളിക്കും എന്നുള്ളതാണ്. സാര്‍ അല്‍പം അശ്ലീലം ചേര്‍ത്ത കോമടി ഒക്കെ പറയുന്ന ഒരു വിരുതനാണ്. ഈ തമാശ ഒക്കെ കേട്ട് നമ്മള്‍  ചിരിച്ചു മണ്ണ് കപ്പി വായും തുറന്നു പിടിച്ചു ഇരിക്കുമ്പോളാണ് സാറിന്‍റെ വക അഭിഷേകം തുടങ്ങുന്നത്. അന്നത്തെ ദിവസംനാറാന്‍ പിന്നെ അത് മതി. ലോവിദാസന്‍ എന്നൊരു ഇംഗ്ലീഷ് സര്‍  തമാശ പരയുംബോളൊക്കെ നമ്മള്‍ ഡെസ്കില്‍ അടിച്ചു "ഹ ഹ ഹ" എന്ന് വെറുതെ ചിരിച് പ്രോത്സാഹിപ്പിച്ചു കൊടുക്കും. തമാശയെക്കാള്‍ ഉപരി  സര്‍ " ആപ്പോ... ആപ്പോ... ( ഐ മീന്‍ ദി വേര്‍ഡ്‌ 'സൊ") എന്നാണു കൂടുതലും പറഞ്ഞു കൊണ്ടിരുന്നത്.  കെമിസ്ട്രി പഠിപ്പിക്കുന്ന വേണുഗോപാല്‍ സര്‍ ന്റെ രീതി തികച്ചും വ്യതസ്തമാണ്. hexagonal close packing എന്നൊക്കെ തുപ്പല്‍ തെറിപ്പിച്ച് സീരിയസ് ആയി പഠിപ്പിച്ചു മുന്നേറുമ്പോള്‍ സര്‍ നു ഒരു മോഹം ഇനി ഒരു തമാശ പറഞ്ഞു കളയാം എന്ന്. അതിനു മുന്നോടിയായി സര്‍ " ങ്ഹാ,ങ്ഹാ" എന്ന് ഇളിച്ചു കാണിക്കും, പിന്നെ ഒരു കോമഡി പറയും, സ്ത്രീ ജനങ്ങള്‍ അത് കേട്ട് ആനന്ദ സാഗരത്തില്‍ ആറാടും. നമ്മളിങ്ങനെ  നിര്‍വികാരന്‍ ആയി ഇരുന്നു പോകും.

മലയാളം ക്ലാസ്സില്‍ ഫസ്റ്റ് ഗ്രൂപും ആയിട്ട് combined ആയിട്ടാണ് ഞങ്ങളുടെ ക്ലാസ്സ്‌. ലേഖ ടീച്ചര്‍. രേണു ടീച്ചര്‍ തുടങ്ങിയവര്‍ ആണ് ക്ലാസ് എടുക്കുന്നത്. ഞാനും അബിനും കൂടി സ്ഥിരം ക്ലാസ് കട്ട് ചെയ്യും. എന്നിട്ട് കാറ്റാടി മരത്തിന്റെ ചുവട്ടില്പോയി വെറുതെ ഇരിക്കും. ഒരിക്കല്‍ നമ്മുടെ അനാസ് കേറി ക്ലാസ് എടുത്തു.  കക്ഷി പ്ലാറ്റ് ഫോമില്കയറി പത്തു മിനിറ്റ് പ്രതിമ പോലെ നിന്നു. എന്നിട്ട് ഖോരഖോരം പഠിപ്പീര് തുടങ്ങി. അതിനു ശേഷം എന്റെയും അബിന്റെയും ക്ലാസ്കട്ടിന്റെ തീവ്രത കൂടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അങ്ങനെ എത്ര എത്ര അധ്യാപകര്‍ ...  ഉച്ചയ്ക്ക് ശേഷം ഒരു അവര്‍ നേരത്തെ ക്ലാസ് വിടുകയാണ് എങ്കില്‍, അല്ലെങ്കില്‍  വല്ല സമരവുമുണ്ട് എങ്കില്‍ നേരെ കടപ്പുറത്ത് പോകും. അവിടെ ബോസ്ടന്‍ മാര്‍ടിന്‍  എന്ന സുഹൃത്തിന്റെ വീടിനടുത്ത് ചെറിയൊരു കളിസ്ഥലം ഉണ്ട്. ഞാന്‍, മുനീര്‍, അനാസ്, രാജീവ്‌,മഹേഷ്‌, പ്രശാന്ത്, റോബിന്‍, ജയമോന്‍,  അല്‍ സെബിന്‍,അബിന്‍ തുടങ്ങിയവര്‍ എല്ലാം കൂടി ക്രിക്കറ്റ് കളിയോട് കളി ആണ്. എല്ലാവനും സിക്സും ഫോറുമേ അടിക്കൂ. എറിയുന്നവനെ  വെറുപ്പിച്ചു കളയും. എന്നാല്‍ എന്ത് വേണം ഇവന്മാര്‍ കോളേജ് ടൂര്‍ണമെന്റില്‍ "സ്പൈരോഗയിര " എന്നൊരു പൊളപ്പന്‍ ടീം ഉണ്ടാക്കി പങ്കെടുത്തു. ആദ്യത്തെ മാച്ചില്‍ തന്നെ എഴുപതോ എണ്‍പതോ റണ്‍സിനു ഓള്‍ ഔട്ട്‌ ആയി. ആകപ്പാടെ ടിജി  പ്രകാശ്‌ ഒരു സിക്സ് അടിച്ചു. അനാസ് രണ്ടു ഫോറും. ബാക്കി നമ്മുടെ ഫേമസായ ബാട്സ്മാന്‍ മാര്‍  ഒക്കെ കൂടാരംകയറി. ബോസ്ടന്‍ ഭയങ്കര മാരക ബാറ്റിംഗ്  ആണ് എന്ന് പറഞ്ഞിട്ട് അവന്‍ ടക്ക്  ആയി. സെക്കന്ഡ് ബീകോം അനായാസം ജയിച്ചു. രണ്ടാംവര്‍ഷവും ഇതുതന്നെ ആവര്‍ത്തിച്ചു. കാന്റീനിലെ ഒന്നര രൂപയുടെ ലടുവും കഴിച് കാറ്റാടി മരത്തിന്റെ തണലില്‍ വെറും അഞ്ചു മീറ്ററിന്റെ ഗ്യാപ്പില്‍ കുറ്റി അടിച്ചു കണ്ടവന്റെ  മണ്ടക്ക് കൂടെ അടിച്ചു പൊക്കി അണ്ടനും അടകോടനും വരെ സെഞ്ചുറി അടിക്കുന്ന കളിയല്ല ഈ ക്രിക്കറ്റ് എന്ന് എനിക്ക് അന്ന് മനസിലായി. സ്പൈരോഗയിര ആണ് പോലും സ്പൈരോഗയിര, ത്ഫൂ ............ 

കോളേജിനെ പറ്റി ഓര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും വിഷമം തോന്നുന്ന ഒരു കാര്യം ഉണ്ട്.ഞാന്‍ പറഞ്ഞല്ലോ എന്റെ ക്ലാസ്സിന്റെ ആകെ കുട്ടികളുടെ എണ്ണം 98 ആയിരുന്നു.  രണ്ടു വര്‍ഷം പഠിച്ചിട്ടും അതില്‍ അന്‍പത് ശതമാനത്തിനോടും സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അത്രയ്ക്കായിരുന്നു ആ ബാഹുല്യം. എന്റെ മാത്രമല്ല   പല ലോല ഹൃദയന്മാരുടെയും  അവസ്ഥ ഇതായിരുന്നു. ഷെറിന്‍, അഫ്ഫിന്‍, അരുണ്‍ രാകേഷ്, അവന്‍റെ വാലായിട്ടു നടന്ന അരുണ്‍ തുടങ്ങിയവര്‍ക്കൊക്കെ അത്യാവശ്യം പോപ്പുലാരിറ്റി ഉണ്ടായിരുന്നു. ക്ലാസ്സിലെ എല്ലാവരുടെയും,പ്രത്യേകിച്ച് ടീച്ചര്‍മാരുടെ ശ്രദ്ധ കിട്ടുന്ന വേറൊരു താരം ടിജി പ്രകാശ്‌ ആയിരുന്നു. അവന്‍ ഒരല്പം അലമ്പനാണ്, അത് കൊണ്ടാണ് കേട്ടോ. പിന്നെ കുറെ പുസ്തക പുഴുക്കളും. ഒരിക്കല്‍ ഫിസിക്സ് ലെ ഒരു കണക്ക് മനസിലായില്ല എന്ന് പറഞ്ഞു സിറാജുല്‍ മുനീര്‍ കരച്ചിലിന്റെ വക്കോളം എത്തിയത് ഓര്‍ക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വരും.  അതെ സാര്‍ തന്നെ (അലക്സാണ്ടര്‍ സര്‍) എമ്പോസിഷന്‍ എഴുതാത്തതിന് എന്നെ രണ്ടു പ്രാവശ്യം പുറത്ത് ആക്കിയിട്ടുമുണ്ട്. പിന്നെ കവിത എഴുതുന്ന സവീന്‍ഉം സുഭാഷും, എന്നും ജലദോഷമുള്ള പ്രശാന്ത്, SFI കാരുടെ ഇടി നല്ലവണം കിട്ടിയ  ഷെറിന്‍, അങ്ങനെ ഒത്തിരി ഒത്തിരി കഥാ പാത്രങ്ങള്‍... 

കലാലയ ജീവിതത്തില്‍ എനിക്ക് കിട്ടിയ നല്ല നല്ല ഓര്‍മകളില്‍ വളരെ കുറച്ചു മാത്രമാണ് ഞാന്‍ ഇവിടെ എഴുതിയത്. ഇനിയും എഴുതാന്‍ ഒത്തിരി ഉണ്ട്. ഒരിക്കലും മായാത്ത ആ പൂക്കാലം എനിക്ക് നല്കിയ എന്റെ സുഹൃത്തുക്കള്‍ക്ക് ഞാന്‍ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു. 

സ്നേഹത്തോടെ........
അനില്‍ കുമാര്‍ വി 
പി ഡി സി സെക്കന്ഡ് ഗ്രൂപ്പ് 
റോള് നമ്പര്‍ 63
സെന്‍റ് സേവിയേഴ്സ് കോളേജ്, തുമ്പ 

Friday, September 10, 2010

ചെമ്പകം പൂത്തപ്പോള്‍

അമ്പലത്തിനു കീഴെ ചെറിയൊരു പുരയിടത്തിന്റെ  അതിര്‍ത്തി തീര്തുകൊണ്ട് നില്‍ക്കുന്ന ചെമ്പക മരങ്ങള്‍... അങ്ങനെ വരി വരിയായി ചെമ്പക മരങ്ങള്‍ നില്‍പ്പുണ്ട്  എന്ന് ഞാന്‍  അറിഞ്ഞത് ഇന്ന് മാത്രം.... അതിനു കാരണവും ഉണ്ട്. അവയെല്ലാം  പൂത്തു നില്‍ക്കുന്നു. ഓരോ പൂവിലും കേന്ദ്രത്തില്‍ നിന്നും മുകളിലേക്ക് അലിഞ്ഞു ചേരുന്ന മങ്ങിയ മഞ്ഞ നിറം... അങ്ങനെ കുലകുലയായി ബൊക്കെ പോലെ ഓരോ ചില്ലയിലും. ഈ സുന്ദര കാഴ്ചയാണ് ചെമ്പക മരങ്ങളുടെ സാന്നിധ്യം എനിക്ക് മനസ്സിലാക്കി തന്നത്.

ഞാന്‍ പൂക്കളുടെ അടുത്തേക്ക് ചെന്നു. ഞാനൊരു കവി ആയതുപോലെ തോന്നി.  എന്റെ തലയ്ക്കു മുകളില്‍ ചെറിയൊരു ഉയരത്തില്‍ പീതവര്‍ണമുള്ള കുസുമങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നു. ചുണ യുണ്ടെങ്കില്‍  എത്തിപ്പിടിക്ക് എന്നായിരിക്കണം അവിടെ വന്ന വണ്ടത്താന്‍ എന്നെ വെല്ലു വിളിച്ചത്... 

എന്നെ നീ കൊച്ചാക്കേണ്ട എന്ന  മട്ടില്‍ ഞാന്‍ മുകളിലേക്ക് കൈ എത്തിച്ചു. വണ്ടത്താന്‍ ചിരിച്ചു. ഞാന്‍ വിടുമോ? രണ്ടു മൂന്നു പ്രാവശ്യം ഉയര്‍ന്നു ചാടി ഞാന്‍ ഒരു ചില്ല കൈക്കലാക്കി. അതില്‍ ഉണ്ടായിരുന്നത് ഒരു പൂവും കുറച്ചധികം വിരിയാന്‍ വെമ്പി നില്‍ക്കുന്ന മൊട്ടുകളും. ഈശ്വരന്റെ മനോഹരം ആയ സൃഷ്ടികള്‍ ഈ മൊട്ടുകള്‍ ആണല്ലോ എന്ന് കുറച്ചു നേരത്തെക്കാനെങ്ങിലും തോന്നിപ്പോയി. 
എന്തായാലും ആ മൊട്ടുകളെ ഞാന്‍ വെറുതെ വിട്ടു. ഒറ്റയ്ക്ക് നില്‍ക്കുന്ന മുഴുവനും വിരിയാത്ത ആ പൂവിനെ മെല്ലെ ഞാന്‍ അടര്‍ത്തിയെടുത്തു. ചെറിയൊരു ശീല്‍ക്കാരത്തോടെ ആ ചില്ല മുകളിലേക്ക് ഉയര്‍ന്നു. ഞാന്‍ പുറകോട്ടു കുതറി മാറി. എനിക്ക് സമാധാനമായി. എന്റെ കയ്യില്‍ ഇപ്പോള്‍ ഒരു ചെമ്പകപ്പൂവ് ഉണ്ട്. ഞാന്‍ അതിനെ മണത്തു. ഒന്നല്ല പലതവണ ശ്വാസം ഉള്ളിലെക്കെടുത്തു. ഈ ഗന്ധം എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നെങ്കില്‍.....?

 ആ വാസനയില്‍ ഞാന്‍ ഏഴെട്ടു വര്‍ഷം പുറകോട്ടു പോയി.  ഇത് ആ പഴയ കാവ്. തലയെടുത്ത് നില്‍ക്കുന്ന പനമരങ്ങള്‍. ആല്‍ തറയ്ക്ക് വിപരീതമായി ആ ചെറിയ സ്ഥലത്ത് അനുസരണയോടെ നാലഞ്ച് ചെമ്പക മരങ്ങള്‍. അതില്‍ത്തന്നെ പാടല വര്‍ണമുള്ള പൂക്കള്‍ ഉള്ളവയും ഉണ്ട്. എന്നാലും എനിക്കിഷ്ടം വെള്ളയില്‍ മഞ്ഞയുള്ള ആ പൂക്കള്‍ ആയിരുന്നു. ആ മരങ്ങളുടെ ചില്ലയില്‍ തൂങ്ങി ആടുമ്പോള്‍, ഒരില ഞെട്ട് പൊട്ടിയ്ക്കുമ്പോള്‍, വിരല്‍ത്തുമ്പില്‍ അതിന്റെ ഒട്ടുന്ന കറ എടുക്കുമ്പോള്‍, താഴെ വീണുകിടക്കുന്ന പൂക്കള്‍ എടുത്തു ഈര്‍ക്കിലില്‍ കോര്‍ത്ത് പൂഴിയില്‍ കുത്തി വയ്ക്കുമ്പോള്‍................ എന്ത് രസം ആയിരുന്നു ആ കുട്ടിക്കാലം. 
ഓര്‍മകളില്‍ നിന്നും ഞാന്‍ തിരിച്ചു വന്നു. ഇതാണോ ഗൃഹാതുരത്വം? ഞാന്‍ വെറുതെ ആലോചിച്ചു. കയ്യില്‍ ഇപ്പോഴും ആ പൂവുണ്ട്. അതിനെ വീണ്ടും വീണ്ടും മണത്തു കൊണ്ട്  ഞാന്‍ നടന്നു. എത്ര പ്രാവശ്യം അതിന്റെ സൗരഭ്യം നുകര്‍ന്നുവെന്നു  സത്യത്തിലെനിക്ക് ഓര്‍മയില്ല. തല്‍ക്കാലത്തേക്ക് മാത്രം ആ പുഷ്പത്തെ ഞാന്‍ എന്റെ കീശയില്‍ നിക്ഷേപിച്ചു. പിന്നീട് വയലരികത്തുള്ള മങ്കട്ട  കൊണ്ട്  നിര്‍മിച്ച ആ ചായക്കടയില്‍ ഇരുന്നു വക്കുകളില്‍ പോറല്‍ വീണ, തേയില ക്കറ  മാറാത്ത ഗ്ലാസ്സില്‍ ചായ കുടിക്കുമ്പോള്‍ ഞാന്‍ എന്റെ കീശ തപ്പി. 
വാടിക്കുഴഞ്ഞ ചീരത്തണ്ട് പോലെ എന്റെ കയ്യില്‍ വന്നത് ആ സുന്ദരിയുടെ ശവം   ആയിരുന്നു. ആ പൂ ഞെട്ടില്‍ പിടിച്ചു അതിനെ കുത്തനെ നിര്‍ത്താന്‍ ശ്രമിച്ചു.  പക്ഷെ..... 
ചേതന നഷ്ടപ്പെട്ടു  എങ്കിലും അതിന്റെ മണത്തിനു മരണം ഇല്ലായിരുന്നു. ഞാന്‍ അതിനെ വീണ്ടും മണത്തു. എനിക്ക് ചെറിയൊരു വിഷമം ഉണ്ടായി. ഒരു പൂവിനെ ഞാന്‍ ഇങ്ങനെ കൊല ചെയ്യണ്ടായിരുന്നു. ചായ ഗ്ലാസ് തിരിച്ചേല്‍പ്പിച് ഞാന്‍ നടന്നു. തൊട്ടു മുന്നിലത്തെ ബണ്ടില്‍ പാടത്തിന്റെ ഇരു വശത്തേയ്ക്കും വെള്ളം പതിയെ ഒഴുകുന്നു. 

ആ ഒഴുക്കിലേക്ക്  ഞാന്‍ അതിനെ കിടത്തി.  അലകള്‍ അതിനെ ഏറ്റെടുത്തു. ഒടുവില്‍ ഒരു പുല്‍നാമ്പില്‍ തട്ടി അതങ്ങനെ കിടന്നു. 
ഒടുവില്‍ ആ ചെമ്പകപ്പൂവിനെ ഞാന്‍ സംസ്കരിച്ചു.


അനില്‍ കൃഷ്ണതുളസി
8.05 .2005  

Tuesday, August 31, 2010

മോഹ സുന്ദര വാഗ്ദാനങ്ങള്‍

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി ഇപ്പോളും കുമ്പിളില്‍ തന്നെ എന്നതാണ് നമ്മുടെ നാട്ടിലെ പലതിന്റെയും അവസ്ഥ.. ഓണത്തോടനുബന്ധിച് റോഡിലെ നൂറായിരം കുഴികള്‍ അടച്ചു പോളിഷ് ചെയ്യുമെന്നായിരുന്നു നമ്മുടെ മന്ത്രി മുഖ്യന്‍  പറഞ്ഞത്... ബട്ട്‌ ഈ മന്ത്രി മെഡിക്കല്‍ കോളേജ്, പേരൂര്‍ക്കട, ശ്രീകാര്യം തുടങ്ങിയ വഴികളിലൂടെ ഒന്ന് പോയാല്‍ തീര്‍ച്ചയായും അയാളെത്തന്നെ തെറി വിളിചെന്നിരിക്കും... അത്രയ്ക്കുണ്ട് രാജവീധികളുടെ അവസ്ഥ.   ഒരുപാട് കൊട്ടിഘോഷിച്ചു ഒരു MP യെ അനന്തപുരിയ്ക്ക് കിട്ടി. തലസ്ഥാനത്തെ ബാര്‍സിലോന യാക്കും ചന്തവിള യെ സാന്‍ ഫ്രാന്‍സിസ്കോ ആക്കും, ടെക്നോപാര്‍ക്കിലെ IT കുട്ടന്മാരെ ക്കൊണ്ട്   ബില്‍ ഗേട്സ്   ന്റെ കയ്യില്‍ നിന്ന് പട്ടും വളയും വാങ്ങിപ്പിക്കും എന്നൊക്കെ പറഞ്ഞു പ്രസ്താവനകള്‍ ഇറക്കി പൂണ്ട് വെളയാട്ടം ആയിരുന്നല്ലോ .  ഒരു അഭിനവ കാശ്മീരി അമ്മച്ചി വന്നു കയ്യും കലാശവും കാണിച്ചപ്പോള്‍ ആശാന്‍ അങ്ങ് പോയി... കുടുങ്ങിയത് ആരാ? ലക്ഷം വോട്ടിനു ജയിപ്പിച്ചു വിട്ട പാവം വോട്ടര്‍. മേപ്പടിയാന് പുരുഷോത്തമന്‍ ആയ ശ്രീരാമ ചന്ദ്രന്റെ മുഖ ഭാവം ആണെന്ന് വരെ പറഞ്ഞു കളഞ്ഞു ചില ലവന്മാര്‍. എന്തായാലും പോട്ടെ, വീണ്ടും അടുത്ത പഞ്ചായത്ത് ഇലക്ഷന്‍ വരുന്നുണ്ട്. ചന്തവിള യിലെ പണ്ടെങ്ങാണ്ട് ടാര്‍ ചെയ്ത റോഡ്‌ ഒക്കെ വീണ്ടും പെയിന്റ് അടിചേക്കും എന്നൊക്കെ പറയുന്നുണ്ട്. ഓണത്തിന് കഴിഞ്ഞ തവണ തോലുമാടന്‍ ആയിട്ട് പോയ ചേട്ടന്‍ മൈക്കിള്‍ ജാക്സനെ ആവാഹിച്ചു അങ്ങനെ തെയ്യാരോ കളിച്ചു പോകുകയായിരുന്നു, കാലു കുഴിയില്‍ ഉളുക്കി ചക്ക മറിഞ്ഞു വീഴുന്നത് പോലെയല്ലേ വീണത്. അങ്ങേര് ഇത്തിരി പിടിപ്പിച്ചിട്ടുണ്ടായിരുന്നു എന്നത്‌ ഈ അവസരത്തില്‍ സംഗതിയുടെ ഗുരുതരാവസ്ഥ മാനിച് നമുക്ക് വിസ്മരിക്കാം. എന്നാലും ഒരു തോലുമാടനുപോലും പോകാന്‍ പറ്റാത്ത റോഡ്‌ വരെ ചന്തവിളയില്‍ ഉണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ മാളോരെ?  യെസ് അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പുവശം. ചന്തവിള ഇപ്പൊ മെട്രോ ആയതുകൊണ്ട് ഐ മീന്‍ കോര്‍പ്പരേഷന്‍ എന്ന മഹാ സംഭവത്തിന്റെ ഭാഗം ആയതുകൊണ്ട് ഇവിടുത്തെ നിവാസികള്‍ക്കൊക്കെ ഏതാണ്ട് പൊളപ്പന്‍ മാറ്റം സംഭവിക്കും എന്നൊക്കെ ഇനി ജോലിയും കൂലിയും ഇല്ലാതാവുന്ന മെമ്പര്‍ സഹിതമുള്ള ആള്‍ക്കാര്‍ പറയുന്നുണ്ട്. നോക്കട്ടെ, നഗരം ആയാലെങ്കിലും  ഇവിടുത്തെ കാര്യങ്ങള്‍ക്ക് എന്തെങ്ങിലും മാറ്റം വരുമോ എന്ന്? വീണ്ടും  ഒരു പരീക്ഷണ കാലം ആണ് വരുന്നത്, ഇയാളെങ്കിലും മര്യാദക്ക് ജനങ്ങളുടെ കാര്യം നോക്കുമോ എന്തോ എന്ന്? ഒരു പ്രദേശത്തിന്റെ പുരോഗതി അവിടുത്തെ നല്ല റോഡുകള്‍ ആണെന്ന് പണ്ടാരാണ്ടോ പറഞ്ഞിട്ടുണ്ട്. അറ്റ്‌ ലീസ്റ്റ് അതെങ്കിലും ഈ നാട്ടില്‍ നന്നായാല്‍    മതി ആയിരുന്നു.  
 
അത്യന്തം ഹൃദയ വേദനയോടെ  
അനില്‍, ചന്തവിള   

Monday, August 23, 2010

ചന്തവിള യിലെ ഓണം

ഇപ്പ്രാവശ്യത്തെ തിരുവോണം ഗംഭീരം  ആയി തന്നെ ചന്തവിളയില്‍ ആഘോഷിച്ചു .  രാവിലെ തന്നെ പൂക്കളം ഇടാന്‍ എല്ലാവരുമെത്തി. ഏറ്റവും വലിയ ഒരു പ്രത്യേകത ഒരുപാട് കുട്ടി സംഘങ്ങള്‍ എത്തി എന്നുള്ളതാണ്. തലേന്ന് തന്നെ പൂ ഇരുത്തു  വച്ചിരുന്നതിനാല്‍ കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങി. ഇടയ്ക്കു മാനം കറുത്തു എങ്കിലും ചെറിയ ഒരു ചാര്‍ളീസ് ആന്‍ഡ്‌ പൊടിയന്‍സ് കഴിഞ്ഞതിനു ശേഷം  മാനം തെളിഞ്ഞു. പൂക്കളം  തീര്‍ത്ത്‌ ഉടന്‍ ഓള്‍ ഇന്‍ ഓള്‍ sudharsh നെ തോലുമാടന്‍ കെട്ടിച്ചു. പിന്നെ പിള്ളേരുടെ ഒരു പൂണ്ട് വെളയാട്ടമായിരുന്നു. തോലുമാടന്‍ പോയതിനു പുറകെ മുതിര്‍ന്നവരും ചെറു സംഘങ്ങളായി തിരിഞ്ഞു "പൂണ്ട് വിളയാടല്‍" ആരംഭിച്ചു. ബട്ട്‌ അതെല്ലാം അടുത്തുള്ള വയല്‍ക്കരയില്‍ ആയിരുന്നു. ഉച്ചയോടെ മിക്കവരും വീണു. വൈകുന്നേരവും അതില്‍ ചിലര്‍ അടുത്തുള്ള വാഴചോട്ടില്‍ കിടന്നു മണ്ണ് കപ്പുന്ന കാഴ്ച നയനാഭിരാമം ആയിരുന്നു. എന്തിനേറെ പറയുന്നു അടപ്പില്‍ അടിച്ചവന്‍ വരെ റോള്‍ കാണിച്ചു അര്‍മാദിച്ചു.
തോലുമാടന്‍ പോയി കിട്ടിയ കളക്ഷന്‍ പിള്ളേര്‍ക്ക് refreshments വാങ്ങിക്കൊടുത്തു. അവരും ഹാപ്പി ആയി. അങ്ങനെ ഇപ്രാവശ്യത്തെ  ചന്തവിള യിലെ ഓണം സംഭവ ബഹുലമായിരുന്നു എന്ന് പറഞ്ഞാല്‍മതിയല്ലോ..... അതിന്റെ ചിത്രങ്ങള്‍കൂടി കാണുമല്ലോ.....

Monday, August 16, 2010

എല്ലാ വര്‍ഷത്തെയും പോലെ ഇപ്പ്രാവശ്യവും നമ്മുടെ കൊക്കോട്ടു ശ്രീ തമ്പുരാന്‍ ക്ഷേത്രത്തില്‍ അത്തപ്പൂക്കളം ഇടുന്നുണ്ട്. പൂ കിട്ടാന്‍ വലിയ പ്രയാസം ആണെന്ന് മാത്രം. കഴിഞ്ഞ തവണ എല്ലാക്കാര്യവും നോക്കി നടത്താന്‍ വിപിന്‍ ചേട്ടന്‍ ഉണ്ടായിരുന്നു. ചേട്ടന്‍ ഗള്‍ഫില്‍ പോയതില്‍പ്പിന്നെ കാര്യങ്ങള്‍ ഞങള്‍ കുറച്ചുപേരുടെ നിയന്ത്രണത്തില്‍ ആയി. എന്നാലും പൂവിടല്‍ മുടക്കിയിട്ടില്ല. എല്ലാ ചന്തവിള നിവാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകള്‍. ഫോട്ടോകള്‍ ഉടനടി പബ്ലിഷ് ചെയ്യുന്നതാണ്. 
അനില്‍, ചന്തവിള 

Friday, July 23, 2010

പനി

കേരളത്തില്‍ തിരുവനന്തപുരം എന്ന ജില്ലയില്‍ മാത്രം എന്തുകൊണ്ട് ഇത്രയധികം പനിമരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു? പ്രായമായവര്‍ മുതല്‍ കൈക്കുഞ്ഞുങ്ങളും ഗര്‍ഭിണികളും യുവജനങ്ങളും എല്ലാ തരം ആള്‍കാരും  എന്തിനു പനിക്കു ചികിത്സിക്കുന്ന ഡോക്ടറും ഈ വ്യാധിക്കുമുന്പില്‍ നിസ്സഹായരായി കീഴടങ്ങുന്നു. എന്തുകൊണ്ട് ഈ തെക്കന്‍ ജില്ലയില്മാത്രം ഇങ്ങനെ? ഇത് വെറും മാധ്യമ സൃഷ്ടി അല്ല എന്ന് എല്ലാവര്കും അറിയാം. എല്ലാ വര്‍ഷവും ഈ ജൂണ്‍ ജൂലൈ മാസങ്ങളില്‍ എന്തെങ്ങിലും ഒരു പകര്‍ച്ച വ്യാധി കേരളത്തില്‍ ഉണ്ടാകാറുണ്ട്. തെക്കന്‍ ജില്ലകളില്‍ ആണ് അതിന്റെ തീവ്രത എന്ന് മാത്രം.. എന്താ അങ്ങനെ? പക്ഷിപ്പനി, പകര്‍ച്ചപ്പനി, തക്കാളിപ്പനി, പന്നിപ്പനി ഇങ്ങനെ എത്ര വകഭേദങ്ങള്‍ ആണ്.   ഇവിടെ ഇത്രയും നാള്‍ ഒരു 25 വര്‍ഷം ജീവിക്കാന്‍ പറ്റി എന്നത് തന്നെ വലിയ കാര്യം. അടുത്ത വര്‍ഷം ഏതു പനിയാണോ ദൈവമേ അവതരിക്കുന്നത്? 

Friday, July 16, 2010

the slapping gadget

കഴിഞ്ഞ ദിവസം ഓഫീസില്‍ നിന്നും നേരെ കഴക്കൂട്ടത്ത് ഇറങ്ങി. അവിടെ നിന്നാല്‍ വീട്ടിലേക്ക് ബസ് കിട്ടും. ചന്തവിള ആണല്ലോ നമ്മുടെ സ്വദേശം. ബസ് കാത്ത് അങ്ങനെ വരുന്നവരെയും പോകുന്നവരെയും നോക്കി അങ്ങനെ നില്‍ക്കുമ്പോളാണ് കുമുകുമാ ഒരു പുകപടലം ഇളംകാറ്റില്‍ അങ്ങനെ രംഗപ്രവേശം ചെയ്യുന്നത് ശ്രദ്ധിച്ചത്. നോക്കിയപ്പോളല്ലേ രസം, നാലഞ്ചു ഉണക്ക അമ്മാവന്മാര്‍ അവിടെ ആലിന്റെ ചുവട്ടില്‍ ഇരുന്നു പുകവലിച്ചു മുന്നേറുകയാണ്. ആകപ്പാടെ പുകമയം....... വൈകുന്നേരമാണ്, സ്ത്രീകളും സ്കൂള്‍  വിദ്യാര്തികളും  ആയി ഒരുപാട്പേര്‍ ബസ് കാത്ത് നില്‍പ്പുണ്ട്. അവര്‍ക്കിടയിലെക്കാന് ലവന്മാര്‍ ഇങ്ങനെ നിര്ധാഷന്ന്യം  ധൂളിപടലങ്ങള്‍ ഊതി വിട്ടു രസിക്കുന്നത്. അവിടെ നില്‍ക്കുന്ന പ്രായമായ സ്ത്രീകള്‍ ഇത് ഇഷ്ടപ്പെടാഞ്ഞിട്ടു മുഖം കൊണ്ട് ചില ഗോഷ്ടികള്‍ കാണിക്കുന്നുന്ടെങ്ങിലും ഇവര്‍ ഈ തൈക്കിളവന്മാര്‍ അങ്ങ് അവിടെക്കിടന്നു വലിച്ചു വെളയാടുകയാണ്.
അതില്‍ ഒരു വയസനെ കണ്ടാല്‍ വല്ലതും കഴിച്ചിട്ട് നാലഞ്ചു ദിവസമായെന്നു തോന്നും, അത്രയ്ക്ക് വയ്യായ്കയാണ് അയാളുടെ മുഖത്ത്. എന്നിട്ടും ആശാന്‍ ആലിന്റെ കടയ്കല്‍ ചാരി ഇരുന്നു സപ്പോര്‍ട്ട് ഒക്കെ ഉണ്ടാക്കി ബീഡിപ്പുക മാക്സിമം ഉയരത്തില്‍ ലോഞ്ച് ചെയ്തുകൊണ്ടിരിക്കുന്നു. അയാളുടെ ആ കറുത്ത ചുണ്ടില്‍ ആ ബീഡി എന്ത് ബലത്തിലാണോ ആവോ ഇരിക്കുന്നത്? ഇടയ്ക്കിടയ്ക്ക് അയാള്‍ ഇസ്സ്സ്സ്....... എന്ന് ചുണ്ടുകള്‍ കോട്ടി ഒരു പ്രത്യേക തരത്തില്‍ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. 
വേറൊരു വിദ്വാന്‍ നല്ല കുടുംനാഥന്റെ ലുക്കില്‍ ആയിരുന്നു. വീതുളി കസവുമുണ്ടും ടിഎച്ച് ഷര്‍ട്ടും ആണ് വേഷം, എന്നാലും കയ്യിലിരുപ്പ് ചില്ലറയല്ല. മറ്റേ വയസനുമായി ഒരു കനല്‍ ഷെയര്‍ ചെയ്ത് ഈ മാന്യനും പരാക്രമം തുടങ്ങി. ഇങ്ങനെ ഈ അവസ്ഥയില്‍ രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു. ഇവരെല്ലാം കൂടി ബഹിര്‍ഗമിപ്പിക്കുന്ന ഈ വിഷമയം ആയ പുക ആഞ്ഞടിച്ചുകൊണ്ടിരുന്നത് അവിടെ നില്‍ക്കുന്ന ഹതഭാഗ്യര്‍ ആയ പാവം യാത്രക്കാരുടെ  നേര്‍ക്ക് ആയിരുന്നു. പൊതുസ്ഥലത്ത് പുകവലിപാടില്ല എന്നൊക്കെ നിയമം ഉണ്ടെങ്ങിലും ഇവിടെ അതൊന്നും പാലിക്കപ്പെടുന്നില്ല ബ്രദര്‍. നിയമ പാലകന്‍ ആയ ഒരു പോലീസുകാരന്‍ തൊട്ടപ്പുറത്ത് വാഹനങ്ങളുടെ ബ്ലോക്ക്‌ ഒഴിവാകാന്‍ വേണ്ടി അവിടെ ഭരതനാട്യം കളിക്കുകയായിരുന്നു.
ഈ ബൈജു ഗാന്ഗ് അവിടെ നിര്ധാഷന്യം ഇങ്ങനെ അര്‍മാധിച്ചപ്പോള്‍ എന്റെ ചോര തിളച്ചു മറിഞ്ഞു,പിന്നെ വെറുതെ ഇട്ടു തെളപ്പിക്കണ്ട എന്ന് കരുതി  അടുത്തുള്ള കടയില്കയറി ഒരു കൂള്‍ ഡ്രിങ്ക്സ് കുടിച്ചു .
മനുഷ്യന്‍ ഒരുപാട് കാര്യങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്. തെറ്റുചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കുന്ന ഒരു യന്ത്രം അത്യാവശ്യമായി കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. തെറ്റ് കണ്ടാല്‍ തെറ്റ് ചെയ്തവന്റെ കരനക്കുട്ടിയ്ക്ക് ക്ക് അടിക്കുന്ന ഒരു പൊളപ്പന്‍ യന്ത്രം. വ്യക്തി ബന്ധമോ ജാതി ബന്ധമോ ഇല്ലാതെ, മാമനെന്നോ മച്ചമ്പി എന്നോ ഇല്ലാതെ, അമ്മാവനെന്നോ  അളിയനെന്നോ ഇല്ലാതെ എല്ലാവരെയും ഒരുപോലെ അടിച്ചു കവാലം പൊളിക്കുന ഒരു മോഡേണ്‍ ഗാട്ജട്റ്റ്. പ്രധാനപ്പെട്ട കവലകളിലും റോഡ്‌ സൈഡിലും പൊതുജനം എവിടെയൊക്കെ കൂടുന്നോ അവിടെയെല്ലാം ഈ യന്ത്രം ഫിറ്റ്‌ ചെയ്യണം. ഇലക്ട്രിക്‌ പോസ്റ്റില്‍ ഫിറ്റ്‌ ചെയ്താല്‍മതി. ആരും അത്ര പെട്ടന്ന് കേറി കൈ വയ്ക്കില്ലല്ലോ. ആരൊക്കെ എവിടെ എന്തൊക്കെ തെറ്റുകള്‍ ചെയ്താലും ഉടനടി ഈ യന്ത്രം പ്രവര്‍ത്തിച്ചിരിക്കണം. എപ്പടി ബോയ്സ്? കോമണ്‍ സെന്‍സ്‌ ഇല്ലാതെ പൊതുസ്ഥലം തുപ്പിയും മൂക്ക് ചീറ്റിയും മൂത്രമൊഴിച്ചും വാളുവച്ചും വൃത്തികേടാക്കുന്നര്‍ക്ക് ഈ യന്ത്രം ഒരു പേടി സ്വപ്നമായിരിക്കണം.   
ഒരു പരിസ്ഥിതി വാദി എന്നാ നിലയില്‍ എന്റെ ഈ "വലിയ" മനസ്സില്‍ തോന്നിയ ചെറിയ കാര്യം എങ്ങനെ ഉണ്ട്? ദൈവമേ ഇങ്ങനെ ഒരു യന്ത്രം വല്ലവനും കണ്ടുപിടിച്ചിരുന്നെങ്കില്‍ ......  

Tuesday, July 13, 2010

വായില്‍ നോട്ടം ( പക്ഷെ അതല്ല വാസ്‌തവം)

ഒരു ബ്ലോഗ്‌ എഴുതിയാല്‍ എന്താ എന്ന് രണ്ടു ദിവസമായി ആലോചിക്കുന്നു. എന്നാപ്പിന്നെ ഇന്ന് ആ ചടങ്ങ് അങ്ങ് തീര്തുകളയാം എന്ന് കരുതി .. എന്തിനെപ്പറ്റി എഴുതും? ഒരു വിഷയം വേണ്ടേ? ഷിജു ചേട്ടനെപ്പോലെ ഒന്നും നമുക്ക് പറ്റില്ല ... തകര്‍പ്പന്‍ ഭാഷയില്‍ ഖണ്ടര്‍ക്ശോഭം ചെയ്യാന്‍ . ... ആകപ്പാടെ അറിയുന്നത് പുറമേ കാണുന്ന കാഴ്ചകളെ പച്ച മലയാളത്തില്‍ എഴുതി വയ്കുക എന്നതാണ്. ഓഫീസി ലേക്ക് പോകുമ്പോളും സ്ഥിരം ബസില്‍ യാത്ര ചെയ്യുമ്പോളും പുറത്തെ കാഴ്ചകള്‍ കണ്ടിരിക്കുക എന്റെ വിനോദമാണ്‌. വായില്‍ നോട്ടമെന്നു ചില ലവന്മാര്‍ പറയുമെങ്കിലും സത്യത്തില്‍ അത് വായില്‍ നോട്ടം എന്ന പ്രക്രിയ അല്ല.
ബസില്‍ കയറിയാല്‍ ആദ്യം സീറ്റ്‌ കിട്ടാനുള്ള തത്രപ്പാടില്‍ ആയിരിക്കും . കിട്ടിയാലോ പിന്നെ ബാഗ്‌ ഒക്കെ സൗകര്യം ആയി ഒതുക്കി വച്ച് നമ്മുടെ കണ്ണുകള്‍ പുറത്തേയ്ക്ക് എറിയുക . വഴിയരുകില്‍ എന്തെല്ലാം കാഴ്ചകളാണ്? അങ്ങോളം ഇങ്ങോളം ..... എന്തിനാടാ ഇങ്ങനെ പിള്ളേരെ വാറ്റുന്ന കാര്യമൊക്കെ ഇങ്ങനെ പച്ചയ്ക് എഴുതുന്നത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ പറയാന്‍ അതിശക്തമായ മറുപടി എനിക്കുണ്ട്. 'ബ്രദര്‍ , ഇറ്റ്‌ ഈസ്‌ എ കോമണ്‍ തിംഗ് എമങ്ങ് ഗയ്സ് ....' അല്ല പിന്നെ .. പിള്ളേര്‍ മാത്രം അല്ലല്ലോ പിന്നെയുമില്ലേ കാഴ്ചകള്‍ ....? ഇന്ന് കേസവധാസപുരത്ത് കണ്ട ഒരു ഹോര്‍ഡിംഗ് - വെറും 5 രൂഫയ്ക്‌ (സോറി രൂപ എന്നാ പദം ഭയങ്കര സ്റ്റാന്‍ഡേര്‍ഡ് ആണ്, സൊ രൂഫ ഒണ്‍ലി ) 1 ദിവസം ഇന്റര്‍നെറ്റ്‌ അരുമാദിക്കാം എന്നാ പരസ്യം ... പിന്നെ ഒരു ദിവസം കൂടി വേണമെങ്ങില്‍ വേറെ എങ്ങാണ്ട് കേറി അക്കൗണ്ട്‌ തുടങ്ങി പേര് രജിസ്റ്റര്‍ ചെയ്യണംപോലും ..... എയര്സേല്ലിന്റെ വകയാന്നു പരസ്യം .... അങ്ങനെ പോകുന്നു ഒരു കാഴ്ച..
പട്ടം എതാരാകുമ്പോള്‍ രക്ഷിതാക്കളുടെയും പിള്ളേരുടെയും മരണപ്പാച്ചില്‍ കാണാം, അടുത്ത് സ്ക്കൂളല്ലേ ,ട്രാഫിക്‌ ബ്ലോക്കിനെ പറഞ്ഞാമ്തിയല്ലോ , നമ്മുടെ റോഡ്‌ അല്ലെ ... (എന്റെ കേരളം എത്ര സുന്ദരം എന്ന് ആ പഴയ ജര്‍മന്‍ അമ്മച്ചി ലൂബ ഷീല്‍ഡ് പറയുന്നതാണ് ഓര്‍മവരുന്നത് ). ഇങ്ങനെ ഓരോന്ന് കണ്ടു വെള്ളമിറക്കി നിര്‍വികാരനായി കോട്ടുവായുമിട്ടി രിക്കുമ്പോളാണ് പട്ടം ജങ്ക്ഷന്‍ എത്തുന്നത് ... അവിടെ ട്രാഫിക് സിഗ്നല്‍ റെഡ് ആണെങ്ങിലങ്ങു അപ്പുറത് പോയി ഇറങ്ങണ്ട , നേരെ ഓഫീസിന്റെ ഫ്രോന്റില്‍ ഇറങ്ങാം ,ബസ്‌ സ്റൊപ്പ് ആയാല്‍ ചാടി ഇറങ്ങി ഡോര്‍ വലിച്ചു അടച്ചു എത്രയും വേഗം ഫുട്പാത്തില്‍ കേറിയില്ലെങ്കില്‍ വല്ല വണ്ടിയും വന്നു ഉമ്മ വച്ചിട്ട് പോകും , ആദ്യമൊക്കെ ഈ സാഹസം ചെയ്യാന്‍ എനിക്കിഷ്ടം ആയിരുന്നു .ബട്ട്‌ ഗയ്സ് ഒരു ദിവസം ട്രാഫിക് പോലീസ് കേറി അങ്ങ് റോങ്ങ്‌ ആയി , ഓടെടാ ഡാഷ് മോനെ എന്ന് വിളിച്ചു പറഞ്ഞു .... ഹലോ പോലീസ് ഞാന്‍ പബ്ലിക്‌ സര്‍വീസ് കമ്മീഷന്‍ ലെ ഒരു കൂടിയ ഉദ്യോഗസ്ഥനാ എന്നൊക്കെ പറയാന്‍ എന്റെ നാക്ക് ചൊറിഞ്ഞു വന്നതാ ...പിന്നെ വിചാരിച്ചു വെറുതെ എന്തിനാ അതുംപറഞ്ഞു വീണ്ടും തെറി കേള്കുന്നത് ? അല്ലെ ?
അങ്ങനെ ഓഫീസില്‍ എത്തിയാല്‍ അവിടെയും കാഴ്ചകള്‍ .... ആകപ്പാടെ കാഴ്ചമയം .... സര്‍ക്കാര്‍ ഓഫീസിലെ കാഴ്ചകള്‍ നിങ്ങള്‍ക്ക് അറിയാമല്ലോ .. ഒരു കാര്യം ഈ സര്‍ക്കാര്‍ ഓഫീസിനെപ്പറ്റി പറയുമ്പോള്‍ പലര്ക്കും ഒരു പുചിഷ് ലുക്ക്‌ ആണ് , ബ്രദര്‍ സര്‍ക്കാര്‍ അല്ല പ്രൈവറ്റ് ഫേം ആയാലും ഇതൊക്കെ തന്നെയാ നമ്മുടെ നാട്ടിലെ കാഴ്ച .... ഗവണ്മെന്റ് ഓഫീസില്‍ ഇരുന്നു ഉറങ്ങിയാല്‍ ലവന്‍ ജോലി ചെയ്യുന്നില്ല എന്നാ പരാതി , അത് വല്ല സ്വകാര്യ കംപനിയിലോ ഏതെങ്കിലും ആശുപത്രിയുടെ ഭരണകേന്ദ്രതിലോ ആയാല്‍ ലവന്‍ "സ്ട്രാറ്റജിക് തിങ്കിംഗ് " ഇലാണ് ഉറക്കമല്ല എന്നൊക്കെ അങ്ങ് പറഞ്ഞു കളയും , ഒരു കോര്‍പ്പറേറ്റ് വേള്‍ഡ് .. ഇവന്മാര്‍ ഇങ്ങനെ ആയിപ്പോയല്ലോ എന്റെ ഒടേ തമ്പുരാനെ .....

Come join me on koottam

അനില്‍ കൃഷ്ണത…
പ്രിയ്യപ്പെട്ട സുഹൃത്തേ, താങ്കളെ ഞാന്‍ കൂട്ടം.കോം ലേക്ക് സ്വാഗതം ചെയ്യുന്നു. മലയാള ഭാഷ യില്‍ നൂറുകണക്കിന് ബ്ലോഗുകളുടെ ലോകത്തേയ്ക്ക് താങ്കള്‍ക്ക് സ്വാഗതം...
Members on koottam:
Binu Pascal Binu Pascal ratheesh ratheesh roshan roshan Dixon Dixon tina tina
About koottam
Malayalee's first social networking site. Join us and share your friendship!
koottam 199731 members
395894 photos
71435 songs
19458 videos
25727 discussions
739 events
23199 blog posts
 
To control which emails you receive on koottam, click here

ഒന്നുമില്ല

ഇന്നലെ ഓഫീസില് പോയില്ല, ചെറിയൊരു ആവശ്യം അതും പേര്‍സണല്‍... കുറച്ചു വര്‍ക്ക്‌ ഇന്ന് പെണ്ടിംഗ് ഉണ്ട്. അത് ചെയ്തു തീര്‍ക്കണം. യു നോ ഐ അം സ്റ്റില്‍ ടെസ്റ്റിംഗ് മൈ മലയാളം ടൈപ്പിംഗ്‌ സ്കില്ല്സ്..........

Monday, July 12, 2010

ഞാന്‍ വരുന്നു

എന്റെ പ്രിയ്യപ്പെട്ട വായനക്കാരെ എന്ന് അഭിസംബോധന ചെയ്യുന്നത് തെറ്റാണ്, കാരണം എനിക്ക് വായനക്കാര്‍ കുറവാണ്. ബട്ട്‌ ഇനി ഞാന്‍ എന്തെങ്ങിലും എഴുതാന്‍ തീരുമാനിച്ചിരിക്കുകയാണ്. സഹകരിക്കുക, പ്ലീസ്..................