ഞാന്‍ ആദ്യമായി ഒരു മൊബൈല്‍ ഫോണ്‍ പച്ചയോടെ കാണുന്നത് കഴക്കുട്ടത്ത് അകാദമി ഓഫ് ഇംഗ്ലീഷ് ഇല് പ്രീ ഡിഗ്രീയ്ക് പഠിക്കുമ്പോളാണ്. 2001 ഇല്. അവിടുത്തെ പ്രിന്‍സിപ്പല്‍ ആയിരുന്നു ശ്രീ ജ്യോതിഷ് ചന്ദ്രന്. സര് ന്റെ കയ്യില്‍ ഒരു തടിമാടന്‍ ഫോണ്‍ ഉണ്ടായിരുന്നു. ഒരു മൊബൈല്‍ ഫോണ്‍ ഏകദേശം ഇങ്ങനെ ഒക്കെ ഇരിക്കും എന്ന് അന്നെനിക്ക് മനസിലായി. ഓര്‍ഗാനിക് കെമിസ്ട്രി ആണ് സര് ന്റെ വിഷയം. നല്ല ക്ലാസ് ആണ്, പക്ഷെ ക്ലാസില്‍ വന്നാല്‍ പഠിപ്പീര് നടക്കില്ല. കക്ഷിക്ക് നിരന്തരം ഫോണ്‍ കാളുകള്‍ ഇങ്ങനെ വന്നു കൊണ്ടിരിക്കും. അതിനിടയില്‍ ക്ലാസ്സിന്റെ ആ ടെമ്പോ അങ്ങ് മുറിഞ്ഞു പോകും.ഇതായിരുന്നു എല്ലാ ക്ലാസ്സിലും സംഭവിക്കുന്നത്. അവസാനം സര് ആ പരിപാടി നിര്‍ത്തി, ഐ മീന്‍ ക്ലാസ്സ് എടുക്കുന്ന ജോലി വേറെ ഒരു സാറിനെ ഏല്പിച്ചു. അവര്‍ക്കാര്‍ക്കും മൊബൈല്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട് പിന്നീടുള്ള ക്ലാസ്സ് ഒക്കെ സ്മൂത്ത് ആയിരുന്നു. എന്നാലും പോക്കറ്റില്‍ ആ അരക്കിലോ ഭാരം വരുന്ന അല്ക്കാട്ടെല് ഫോണ്‍ ഇട്ട് കുപ്പായം തൂങ്ങിയിറങ്ങി വരുന്ന ജ്യോതിഷ് സാര്‍ നെ ഓര്‍ക്കാന്‍ നല്ല രസമുണ്ട് ഇപ്പോളും.
ഏതാണ്ട് ഇതേ കാലയളവില്‍ എന്റെ വീടിനടുത്തുള്ള വിജയ കുമാരന് എന്നയാള്‍ക്കും ഇതുപോലൊരു ഫോണ്‍ ഉണ്ടായിരുന്നു. പക്ഷെ അയാള്‍ വീട്ടിലെ ഫോണ്‍ പോക്കറ്റില്‍ ഇട്ട് നടക്കുന്നു എന്നാണു ഞാന്‍ കരുതിയിരുന്നത്. മഹാത്മാ ഗാന്ധി കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രീയ്ക് പഠിക്കുന്ന സമയം. അവിടെ അന്ന് യൂണിയന് ചെയര്മാന് ഒരു താടിക്കാരന് പയ്യന് ഉണ്ടായിരുന്നു. അവന്റെ കയ്യിലും ഇതേ ഭാരിച്ച ഫോണ്‍ തന്നെയായിരുന്നു. അവന് അതും ചെവിയില്‍ വച്ച് ചിരിച്ചുല്ലസിച്ച് കോളേജിന്റെ തെക്ക് വടക്ക് വലിയ ഗമയില്‍ നടന്നു പോകുന്നത് ഞങ്ങള്‍ പല പ്രാവശ്യം നോക്കി നിന്നിട്ടുണ്ട്. സാറന്മാരുടെ കയ്യില്‍ പോലും അന്ന് ഇങ്ങനെ ഒരു സാധനം ഇല്ല. പിന്നീട് ഞങ്ങള്‍ ഫൈനല്‍ ഇയര്‍ ആയപ്പോള്‍ ക്ലാസിലും മുഴുവന്‍ കോളേജിലും കുറച്ചുപേരുടെ കയ്യിലെങ്ങിലും ഫോണ്‍ വന്നു ചേര്‍ന്നിരുന്നു. ആ സമയം ആയപോഴേക്കും മൊബൈല്‍ ഫോണിന്റെ ആകൃതിയ്ക്കും വലിപ്പത്തിനും രൂപാന്തരണം സംഭവിച്ചു കഴിഞ്ഞിരിന്നു.
ക്ലാസ്സില്‍ മൊബൈല്‍ ഫോണ്‍ ഉള്ളവരോട് അതൊന്നു വാങ്ങി തിരിച്ചും മറിച്ചും ഒന്ന് നോക്കണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ അവര്‍ അത് ഓപ്പറേറ്റ് ചെയ്യുന്ന രീതി ഒക്കെ കാണുമ്പോള്‍ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നും. അവര്‍ സംസാരിക്കുന്ന റീചാര്‍ജ്, സിം കാര്‍ഡ്, ബാലന്‍സ്, ഇന്‍കമിംഗ്,ഔട്ട് ഗോയിംഗ്, തുടങ്ങിയ സാങ്കേതിക പദങ്ങള്‍ എന്താണെന്ന് മനസിലാക്കാനുള്ള കെല്പ് അന്ന് തുലോം കുറവായിരുന്നു. അതുകാരണം ഈ വിഷയത്തില്‍ ഞങ്ങള്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ബാക്കി കുട്ടികള്‍ എല്ലാം ഇതെപ്പറ്റി കമാ എന്നൊരക്ഷരം മിണ്ടാതെ അങ്ങ് മാറിപ്പോകുക ആയിരുന്നു പതിവ്.
ആദ്യമായി ഞാന്‍ ഈമൊബൈല്‍ ഫോണ്‍ കയ്യില്‍ എടുക്കുന്നത് 2003 ഇല് ആണ്. എന്റെ വീട്ടിനടുത്ത് ഒരു പോറ്റിയും കുടുംബവും താമസിച്ചിരുന്നു. അയാളുടെ മക്കളെ ഞാന്‍ ട്യൂഷന് എടുത്തിരുന്നു. ഒരിക്കല്‍ പഠിപ്പിക്കാന്‍ ചെന്നപ്പോള്‍ "ഞങ്ങള്‍ പുതിയ ഫോണ്‍ വാങ്ങി ചേട്ടാ, ഇതിന്റെ റിംഗ് ടോണ്‍ മാറ്റിത്തരണം" എന്ന് പറഞ്ഞു കൊണ്ട് ഒരു കറുത്ത കനം കുറഞ്ഞ ദീര്‍ഘ ചതുരത്തിലുള്ള ഒരു സാധനം എന്റെ കയ്യിലേക്ക് നിക്ഷേപിച്ചു. മൊബൈല്‍ ഫോണ്‍ ഇത്ര സ്ടയിലിഷ് ആണോ എന്നെനിക്ക് തോന്നിപ്പോയി. ശരി, ആ യന്ത്രം കൈപ്പറ്റി നിമിഷങ്ങള്‍ക്കകം എനിക്ക് ഒരു തരം വിറയല്‍ അനുഭവപ്പെട്ടു. വിയര്‍ക്കാനും തുടങ്ങി. ലേബര്‍ റൂമില്‍ നിന്നും ടയരക്റ്റ് ആയി നവജാത ശിശുവിനെ കൈപ്പറ്റിയ ഉടായിപ്പ് ഭര്‍ത്താവിന്റെ മാനസിക സംഘര്‍ഷം പോലെ ഒരു വല്ലാത്ത പിരിമുറുക്കം എനിക്ക് അനുഭവപ്പെട്ടു. നമുക്ക് ആ കുന്തത്തിന്റെ അങ്കാ പുങ്കാ അറിയില്ലെടാ മക്കളെ എന്ന് പറയാനുള്ള ആത്മ ധൈര്യം എനിക്ക് തോന്നിയില്ല. എന്റെ കൈ വിറക്കുന്നത് കണ്ട ഗണേഷ് ഉടനെ തന്നെ അത് തിരിച്ചു വാങ്ങി. എന്നെ കളിയാക്കുകയും ചെയ്തു. ഞാന്‍ ഗമ കാട്ടി എന്തോ തിരിച്ചും പറഞ്ഞു. പക്ഷെ പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ അവരുടെ ഫോണില്‍ കാര്യങ്ങള്‍ ഒക്കെ പഠിച്ചു. അങ്ങനെയിരിക്കെ സനീഷ് പുതിയ ഫോണ്‍ വാങ്ങി. എന്റെ മൊബൈല്‍ ഫോണിലുള്ള അപാര ജ്ഞാനം പരീക്ഷിക്കാനുള്ള പറ്റിയ അവസരം ആയി ഞാന്‍ അതിനെ കണ്ടു. അതൊരു ഓണക്കാലം ആയിരുന്നു. അവന്റെ ഫോണ്‍ വാങ്ങി എന്റെ പരിചയത്തിലുള്ള കുറെപ്പേര്‍ക്ക്മെ ഞാന്‍ മെസ്സേജ് അയച്ചു. ഫോണിന്റെ ബാലന്‍സ് കളഞ്ഞതിന് അവന് എന്നെ ഇനി വിളിക്കാന്‍ തെറിയോന്നുമില്ല. ഫോണിനും ബാലന്‍സ് ഉണ്ട് എന്ന നഗ്ന സത്യം ഞാന്‍ അന്ന് മനസിലാക്കുകയായിരുന്നു.
എം എസ്സി യ്ക്ക് പഠിക്കുമ്പോള്‍ ശ്രീകാര്യം ചാവടി മുക്കില്‍ പഠിപിക്കാന്‍ എന്നെ ഷിജു ചേട്ടന് വിളിച്ചു. ഓക്കേ ആണെങ്കില്‍ എന്നെ വിളിച്ചു പറയണം എന്ന് പറഞ്ഞു എനിക്ക് ഫോണ്‍ നമ്പര്‍ തന്നു. ഈശ്വരാ........ ഷിജു ചേട്ടനും ഫോണോ, എനിക്കിനി ചത്താല്‍ മതി എന്ന് ഞാന്‍ അപലപിച്ചു. 2005 ആണ് വര്‍ഷം. എന്തായാലും ആ വര്‍ഷം തന്നെ ഞാന്‍ ഒരു ഫോണ്‍ വാങ്ങി. ഈ ഷിജു ചേട്ടനും ഒരു ഷഫീര്‍ ചേട്ടനും കൂടി ആണ് എനിക്ക് ഫോണ്‍ സെലക്ട് ചെയ്തു തന്നത്. ആ ഫോണിനു ഇപ്പോഴും ഒരു കുഴപ്പവും വന്നിട്ടില്ല.
വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ വയ്യാത്ത അവസ്ഥ വരെയെത്തി കാര്യങ്ങള്‍. ഒന്നിന് പകരം രണ്ടും മൂന്നും ഫോണ്‍ ഉപയോഗിക്കുന്നവര്‍. സാങ്കേതിക പരമായി കാര്യങ്ങള്‍ ഒരുപാട് മുന്നേറി. എന്നാലും ഈ അവസ്ഥ വരെയെത്താന്‍ ഞാനും നിങ്ങളും സഞ്ചരിച്ച വഴികളെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരുപാട് വളവും തിരിവും. വഴികളെപ്പറ്റി പറഞ്ഞപ്പോള്‍ ഒരു കാര്യം കൂടി. എന്റെ വീടിനടുത്ത് ഒരുപാട് ഹിന്ദിക്കാര് താമസിക്കുന്നുണ്ട്. അവര്‍ ജോലിക്ക് പോകുന്നത് എന്റെ വീടിനടുത്തുള്ള ഇടവഴിയില്‍ കൂടിയാണ്. എപ്പോഴും മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടും വച്ചു കൊണ്ടാണ് അവര്‍ വരി വരിയായി പോകുന്നത്. പത്ത് പതിനഞ്ചു ഫോണില്‍ നിന്നുള്ള "മനോഹര ഗാനങ്ങള്‍" ആണ് നിത്യവും എന്നെ ഉണര്‍ത്തുന്നത്. റിയലി എ ഫോഴ്സ്ഫുള്‍ എവെക്കനിംഗ്... നിവര്‍ത്തിയില്ല സുഹൃത്തുക്കളെ നിവര്‍ത്തിയില്ല....
ശരിയാ..നിവര്‍ത്തിയില്ല...നിവൃത്തിയില്ല..
ReplyDelete