ഞാന്‍ പൂക്കളുടെ അടുത്തേക്ക് ചെന്നു. ഞാനൊരു കവി ആയതുപോലെ തോന്നി. എന്റെ തലയ്ക്കു മുകളില്‍ ചെറിയൊരു ഉയരത്തില്‍ പീതവര്‍ണമുള്ള കുസുമങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നു. ചുണ യുണ്ടെങ്കില്‍ എത്തിപ്പിടിക്ക് എന്നായിരിക്കണം അവിടെ വന്ന വണ്ടത്താന്‍ എന്നെ വെല്ലു വിളിച്ചത്...
എന്നെ നീ കൊച്ചാക്കേണ്ട എന്ന മട്ടില്‍ ഞാന്‍ മുകളിലേക്ക് കൈ എത്തിച്ചു. വണ്ടത്താന്‍ ചിരിച്ചു. ഞാന്‍ വിടുമോ? രണ്ടു മൂന്നു പ്രാവശ്യം ഉയര്‍ന്നു ചാടി ഞാന്‍ ഒരു ചില്ല കൈക്കലാക്കി. അതില്‍ ഉണ്ടായിരുന്നത് ഒരു പൂവും കുറച്ചധികം വിരിയാന്‍ വെമ്പി നില്‍ക്കുന്ന മൊട്ടുകളും. ഈശ്വരന്റെ മനോഹരം ആയ സൃഷ്ടികള്‍ ഈ മൊട്ടുകള്‍ ആണല്ലോ എന്ന് കുറച്ചു നേരത്തെക്കാനെങ്ങിലും തോന്നിപ്പോയി.
എന്തായാലും ആ മൊട്ടുകളെ ഞാന്‍ വെറുതെ വിട്ടു. ഒറ്റയ്ക്ക് നില്‍ക്കുന്ന മുഴുവനും വിരിയാത്ത ആ പൂവിനെ മെല്ലെ ഞാന്‍ അടര്‍ത്തിയെടുത്തു. ചെറിയൊരു ശീല്‍ക്കാരത്തോടെ ആ ചില്ല മുകളിലേക്ക് ഉയര്‍ന്നു. ഞാന്‍ പുറകോട്ടു കുതറി മാറി. എനിക്ക് സമാധാനമായി. എന്റെ കയ്യില്‍ ഇപ്പോള്‍ ഒരു ചെമ്പകപ്പൂവ് ഉണ്ട്. ഞാന്‍ അതിനെ മണത്തു. ഒന്നല്ല പലതവണ ശ്വാസം ഉള്ളിലെക്കെടുത്തു. ഈ ഗന്ധം എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നെങ്കില്‍.....?
ആ വാസനയില്‍ ഞാന്‍ ഏഴെട്ടു വര്‍ഷം പുറകോട്ടു പോയി. ഇത് ആ പഴയ കാവ്. തലയെടുത്ത് നില്‍ക്കുന്ന പനമരങ്ങള്‍. ആല്‍ തറയ്ക്ക് വിപരീതമായി ആ ചെറിയ സ്ഥലത്ത് അനുസരണയോടെ നാലഞ്ച് ചെമ്പക മരങ്ങള്‍. അതില്‍ത്തന്നെ പാടല വര്‍ണമുള്ള പൂക്കള്‍ ഉള്ളവയും ഉണ്ട്. എന്നാലും എനിക്കിഷ്ടം വെള്ളയില്‍ മഞ്ഞയുള്ള ആ പൂക്കള്‍ ആയിരുന്നു. ആ മരങ്ങളുടെ ചില്ലയില്‍ തൂങ്ങി ആടുമ്പോള്‍, ഒരില ഞെട്ട് പൊട്ടിയ്ക്കുമ്പോള്‍, വിരല്‍ത്തുമ്പില്‍ അതിന്റെ ഒട്ടുന്ന കറ എടുക്കുമ്പോള്‍, താഴെ വീണുകിടക്കുന്ന പൂക്കള്‍ എടുത്തു ഈര്‍ക്കിലില്‍ കോര്‍ത്ത് പൂഴിയില്‍ കുത്തി വയ്ക്കുമ്പോള്‍................ എന്ത് രസം ആയിരുന്നു ആ കുട്ടിക്കാലം.
ഓര്‍മകളില്‍ നിന്നും ഞാന്‍ തിരിച്ചു വന്നു. ഇതാണോ ഗൃഹാതുരത്വം? ഞാന്‍ വെറുതെ ആലോചിച്ചു. കയ്യില്‍ ഇപ്പോഴും ആ പൂവുണ്ട്. അതിനെ വീണ്ടും വീണ്ടും മണത്തു കൊണ്ട് ഞാന്‍ നടന്നു. എത്ര പ്രാവശ്യം അതിന്റെ സൗരഭ്യം നുകര്‍ന്നുവെന്നു സത്യത്തിലെനിക്ക് ഓര്‍മയില്ല. തല്‍ക്കാലത്തേക്ക് മാത്രം ആ പുഷ്പത്തെ ഞാന്‍ എന്റെ കീശയില്‍ നിക്ഷേപിച്ചു. പിന്നീട് വയലരികത്തുള്ള മങ്കട്ട കൊണ്ട് നിര്‍മിച്ച ആ ചായക്കടയില്‍ ഇരുന്നു വക്കുകളില്‍ പോറല്‍ വീണ, തേയില ക്കറ മാറാത്ത ഗ്ലാസ്സില്‍ ചായ കുടിക്കുമ്പോള്‍ ഞാന്‍ എന്റെ കീശ തപ്പി.
വാടിക്കുഴഞ്ഞ ചീരത്തണ്ട് പോലെ എന്റെ കയ്യില്‍ വന്നത് ആ സുന്ദരിയുടെ ശവം ആയിരുന്നു. ആ പൂ ഞെട്ടില്‍ പിടിച്ചു അതിനെ കുത്തനെ നിര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ.....
ചേതന നഷ്ടപ്പെട്ടു എങ്കിലും അതിന്റെ മണത്തിനു മരണം ഇല്ലായിരുന്നു. ഞാന്‍ അതിനെ വീണ്ടും മണത്തു. എനിക്ക് ചെറിയൊരു വിഷമം ഉണ്ടായി. ഒരു പൂവിനെ ഞാന്‍ ഇങ്ങനെ കൊല ചെയ്യണ്ടായിരുന്നു. ചായ ഗ്ലാസ് തിരിച്ചേല്‍പ്പിച് ഞാന്‍ നടന്നു. തൊട്ടു മുന്നിലത്തെ ബണ്ടില്‍ പാടത്തിന്റെ ഇരു വശത്തേയ്ക്കും വെള്ളം പതിയെ ഒഴുകുന്നു.
ആ ഒഴുക്കിലേക്ക് ഞാന്‍ അതിനെ കിടത്തി. അലകള്‍ അതിനെ ഏറ്റെടുത്തു. ഒടുവില്‍ ഒരു പുല്‍നാമ്പില്‍ തട്ടി അതങ്ങനെ കിടന്നു.
ഒടുവില്‍ ആ ചെമ്പകപ്പൂവിനെ ഞാന്‍ സംസ്കരിച്ചു.
അനില്‍ കൃഷ്ണതുളസി
8.05 .2005
അനില്‍ കൃഷ്ണതുളസി
8.05 .2005
kollaam..a nostalgic feeling..
ReplyDelete"oru chempaka poov pole manoharam.......
ReplyDeleteiniyum nalla nalla srishtikal ninnil ninnum pratheeshikkunnu....."
aa chempakathinte foto nannayittund..vaadiyalm manampokathapookkal... ninte writing manoharam
ReplyDeletethank u friends for all the comments.......
ReplyDelete