ആദ്യത്തെ പിരീഡ്, അല്ല പിരീടിനു പകരം അവര്‍ എന്നാണു അവിടെ പറഞ്ഞിരുന്നത്. ഓക്കെ, ആദ്യത്തെ അവര്‍ ഇംഗ്ലീഷ് ആയിരുന്നു. ടീചെറിന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. കോളേജിലെ ആദ്യത്തെ ദിവസം ഒരു പേജില്‍ വര്‍ണ്ണിച്ച് തകര്‍ക്കാനാണ് ടീച്ചര്‍ ആവശ്യപ്പെട്ടത്. പോരെ പൂരം. ഞാന്‍ അങ്ങ് വണ്ടര്‍ അടിച്ചു പോയി. നമ്മള്‍ ഏറ്റവും മുന്‍പിലത്തെ ബെഞ്ചിലാണ് ഇരിക്കുന്നത്. പഠിപ്പിക്കാനുള്ള ത്വര മൂത്ത ടീച്ചര്‍ എങ്ങാനും ഇറങ്ങി വന്നു നോട്ട് ബുക്ക് നോക്കിയാല്‍ അത് എനിക്ക് ക്ഷീണം ആകും. കാരണം നമ്മളെക്കൊണ്ട് ഒരു കോപ്പും എഴുതാനുള്ള വാസന അന്ന് ആ ദിവസം ഇല്ലായിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ടീച്ചറിന്റെ ഈപ്രസ്ഥാവന കേട്ടയുടന്‍ സകലമാന പെണ്ണുങ്ങളും ബുദ്ധി രാക്ഷസ ലുക്കിലുള്ള പയ്യന്മാരും പേപ്പര്‍ ഒക്കെ ചറ പറാ വലിച്ചു കീറി എഴുത്ത് ആരംഭിച്ചു. എഴുത്തോട് എഴുത്ത്. ഭാഗ്യത്തിന് അന്ന് ബെല്ലടിച്ചതുകൊണ്ട് മാത്രമാണ് ഞാനൊക്കെ നൈസ് ആയി എസ്കേപ് ആയത്.
ഞാന്‍ സെക്കന്ഡ് ഗ്രൂപ്പ് ആണ് എടുത്തിരുന്നത്. ആ ഡിവിഷന്റെ കാരണവര്‍ ബോട്ടണി ഫാതര്‍ ആയിരുന്നു. സാറിനു ഞങ്ങളോട് വളരെയേറെ വാത്സല്യം ഉണ്ടായിരുന്നു. സാര്‍ ക്ലാസ് എടുക്കുന്നതിനും ഒരു പ്രത്യേക രീതി ഉണ്ടായിരുന്നു.പ്രധാനപ്പെട്ട സംഭവങ്ങളൊക്കെ, ഉദാഹരണത്തിന് "സ്പോരാന്ജിയോ സ്പോഴ്സ് " എന്നൊക്കെ പറയുമ്പോള്‍ വലതു ചെവിയില്‍ കൈ മുറുക്കി ഉപ്പൂറ്റിയില്‍ അല്‍പം ഉയരുന്നത് സാറിന്‍റെ ഒരു രീതിയാണ്. പിന്നെ മുഖം വലിച്ചു മുറുക്കി ചില ഗോഷ്ടികളും കാണിക്കും. ക്ലാസ്സില്‍ ഒന്നാം ബെഞ്ചില്‍ ഒന്നാമന്‍ ആയി വിനോദ് എന്ന ഒരുവന്‍ ഉണ്ടായിരുന്നു. ക്ലാസ്സിലെ ചെല്ലക്കിളി ആയിരുന്നു അവന്‍. അവന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു അനാസ്. "അനസേ വാടാ" എന്ന് നീട്ടി വിളിച്ചു കൊണ്ട് എപ്പോഴും കൊഞ്ചി ക്കുഴഞ്ഞു വര്‍ത്തമാനം പറഞ്ഞു നടക്കുന്ന ഒരു പാവം പയ്യനായിരുന്നു വിനോദ്. ഒരിക്കല്‍ ബോട്ടണി ഫാദര്‍ ഫങ്കസിനെ പറ്റി ക്ലാസ് എടുക്കുന്ന സമയം. അന്ന് ഉച്ചയ്ക്ക് ഈ അനസും വിനോദും പിന്നെ അല്‍ സെബിനും കൂടി എവിടുന്നോ കുറെ മാവിന്റെ പൂപ്പലും ചുരണ്ടിക്കൊണ്ട് ക്ലാസ്സില്‍ വന്നു. എന്നിട്ട് ഫാദര്‍ നോട് ഇത് ഇതു ഫങ്കാസ് ആണെന്ന് ഒരു ചോദ്യവും. ഫാദര്‍ ആ പൂപ്പല്‍ വാങ്ങി തിരിച്ചും മറിച്ചും നോക്കി. ഫാതെറിന്റെ കണ്ണില്‍ ഇരുട്ട് കയറുന്നു എന്ന് എനിക്ക് മനസിലായി.കാരണം ഞാന്‍ ഫ്രെണ്ട് ബെഞ്ചിലിരുന്നു സംഭവങ്ങളൊക്കെ വീക്ഷിക്കുകയാണ്. എന്തോ മുട്ടന്‍ scientific name പറഞ്ഞു ഒരു തരത്തിലാണ് അച്ചന്‍ അന്ന് രക്ഷപ്പെട്ടത്. അത്രയ്ക്കുണ്ട് പഠിക്കാനുള്ള ലവന്മാരുടെ ത്വര.
സുവോളജി പഠിപ്പിച്ചിരുന്ന സിറില്‍ സാറിന്‍റെ ഒരു കുഴപ്പം നോട്സ് എഴുതിയില്ലെങ്കില്‍ മുട്ടന്‍ തെറി വിളിക്കും എന്നുള്ളതാണ്. സാര്‍ അല്‍പം അശ്ലീലം ചേര്‍ത്ത കോമടി ഒക്കെ പറയുന്ന ഒരു വിരുതനാണ്. ഈ തമാശ ഒക്കെ കേട്ട് നമ്മള്‍ ചിരിച്ചു മണ്ണ് കപ്പി വായും തുറന്നു പിടിച്ചു ഇരിക്കുമ്പോളാണ് സാറിന്‍റെ വക അഭിഷേകം തുടങ്ങുന്നത്. അന്നത്തെ ദിവസംനാറാന്‍ പിന്നെ അത് മതി. ലോവിദാസന്‍ എന്നൊരു ഇംഗ്ലീഷ് സര്‍ തമാശ പരയുംബോളൊക്കെ നമ്മള്‍ ഡെസ്കില്‍ അടിച്ചു "ഹ ഹ ഹ" എന്ന് വെറുതെ ചിരിച് പ്രോത്സാഹിപ്പിച്ചു കൊടുക്കും. തമാശയെക്കാള്‍ ഉപരി സര്‍ " ആപ്പോ... ആപ്പോ... ( ഐ മീന്‍ ദി വേര്‍ഡ് 'സൊ") എന്നാണു കൂടുതലും പറഞ്ഞു കൊണ്ടിരുന്നത്. കെമിസ്ട്രി പഠിപ്പിക്കുന്ന വേണുഗോപാല്‍ സര്‍ ന്റെ രീതി തികച്ചും വ്യതസ്തമാണ്. hexagonal close packing എന്നൊക്കെ തുപ്പല്‍ തെറിപ്പിച്ച് സീരിയസ് ആയി പഠിപ്പിച്ചു മുന്നേറുമ്പോള്‍ സര്‍ നു ഒരു മോഹം ഇനി ഒരു തമാശ പറഞ്ഞു കളയാം എന്ന്. അതിനു മുന്നോടിയായി സര്‍ " ങ്ഹാ,ങ്ഹാ" എന്ന് ഇളിച്ചു കാണിക്കും, പിന്നെ ഒരു കോമഡി പറയും, സ്ത്രീ ജനങ്ങള്‍ അത് കേട്ട് ആനന്ദ സാഗരത്തില്‍ ആറാടും. നമ്മളിങ്ങനെ നിര്‍വികാരന്‍ ആയി ഇരുന്നു പോകും.
മലയാളം ക്ലാസ്സില്‍ ഫസ്റ്റ് ഗ്രൂപും ആയിട്ട് combined ആയിട്ടാണ് ഞങ്ങളുടെ ക്ലാസ്സ്. ലേഖ ടീച്ചര്‍. രേണു ടീച്ചര്‍ തുടങ്ങിയവര്‍ ആണ് ക്ലാസ് എടുക്കുന്നത്. ഞാനും അബിനും കൂടി സ്ഥിരം ക്ലാസ് കട്ട് ചെയ്യും. എന്നിട്ട് കാറ്റാടി മരത്തിന്റെ ചുവട്ടില്പോയി വെറുതെ ഇരിക്കും. ഒരിക്കല്‍ നമ്മുടെ അനാസ് കേറി ക്ലാസ് എടുത്തു. കക്ഷി പ്ലാറ്റ് ഫോമില്കയറി പത്തു മിനിറ്റ് പ്രതിമ പോലെ നിന്നു. എന്നിട്ട് ഖോരഖോരം പഠിപ്പീര് തുടങ്ങി. അതിനു ശേഷം എന്റെയും അബിന്റെയും ക്ലാസ്കട്ടിന്റെ തീവ്രത കൂടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
അങ്ങനെ എത്ര എത്ര അധ്യാപകര്‍ ... ഉച്ചയ്ക്ക് ശേഷം ഒരു അവര്‍ നേരത്തെ ക്ലാസ് വിടുകയാണ് എങ്കില്‍, അല്ലെങ്കില്‍ വല്ല സമരവുമുണ്ട് എങ്കില്‍ നേരെ കടപ്പുറത്ത് പോകും. അവിടെ ബോസ്ടന്‍ മാര്‍ടിന്‍ എന്ന സുഹൃത്തിന്റെ വീടിനടുത്ത് ചെറിയൊരു കളിസ്ഥലം ഉണ്ട്. ഞാന്‍, മുനീര്‍, അനാസ്, രാജീവ്,മഹേഷ്, പ്രശാന്ത്, റോബിന്‍, ജയമോന്‍, അല്‍ സെബിന്‍,അബിന്‍ തുടങ്ങിയവര്‍ എല്ലാം കൂടി ക്രിക്കറ്റ് കളിയോട് കളി ആണ്. എല്ലാവനും സിക്സും ഫോറുമേ അടിക്കൂ. എറിയുന്നവനെ വെറുപ്പിച്ചു കളയും. എന്നാല്‍ എന്ത് വേണം ഇവന്മാര്‍ കോളേജ് ടൂര്‍ണമെന്റില്‍ "സ്പൈരോഗയിര " എന്നൊരു പൊളപ്പന്‍ ടീം ഉണ്ടാക്കി പങ്കെടുത്തു. ആദ്യത്തെ മാച്ചില്‍ തന്നെ എഴുപതോ എണ്‍പതോ റണ്‍സിനു ഓള്‍ ഔട്ട് ആയി. ആകപ്പാടെ ടിജി പ്രകാശ് ഒരു സിക്സ് അടിച്ചു. അനാസ് രണ്ടു ഫോറും. ബാക്കി നമ്മുടെ ഫേമസായ ബാട്സ്മാന്‍ മാര്‍ ഒക്കെ കൂടാരംകയറി. ബോസ്ടന്‍ ഭയങ്കര മാരക ബാറ്റിംഗ് ആണ് എന്ന് പറഞ്ഞിട്ട് അവന്‍ ടക്ക് ആയി. സെക്കന്ഡ് ബീകോം അനായാസം ജയിച്ചു. രണ്ടാംവര്‍ഷവും ഇതുതന്നെ ആവര്‍ത്തിച്ചു. കാന്റീനിലെ ഒന്നര രൂപയുടെ ലടുവും കഴിച് കാറ്റാടി മരത്തിന്റെ തണലില്‍ വെറും അഞ്ചു മീറ്ററിന്റെ ഗ്യാപ്പില്‍ കുറ്റി അടിച്ചു കണ്ടവന്റെ മണ്ടക്ക് കൂടെ അടിച്ചു പൊക്കി അണ്ടനും അടകോടനും വരെ സെഞ്ചുറി അടിക്കുന്ന കളിയല്ല ഈ ക്രിക്കറ്റ് എന്ന് എനിക്ക് അന്ന് മനസിലായി. സ്പൈരോഗയിര ആണ് പോലും സ്പൈരോഗയിര, ത്ഫൂ ............
കോളേജിനെ പറ്റി ഓര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും വിഷമം തോന്നുന്ന ഒരു കാര്യം ഉണ്ട്.ഞാന്‍ പറഞ്ഞല്ലോ എന്റെ ക്ലാസ്സിന്റെ ആകെ കുട്ടികളുടെ എണ്ണം 98 ആയിരുന്നു. രണ്ടു വര്‍ഷം പഠിച്ചിട്ടും അതില്‍ അന്‍പത് ശതമാനത്തിനോടും സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അത്രയ്ക്കായിരുന്നു ആ ബാഹുല്യം. എന്റെ മാത്രമല്ല പല ലോല ഹൃദയന്മാരുടെയും അവസ്ഥ ഇതായിരുന്നു. ഷെറിന്‍, അഫ്ഫിന്‍, അരുണ്‍ രാകേഷ്, അവന്‍റെ വാലായിട്ടു നടന്ന അരുണ്‍ തുടങ്ങിയവര്‍ക്കൊക്കെ അത്യാവശ്യം പോപ്പുലാരിറ്റി ഉണ്ടായിരുന്നു. ക്ലാസ്സിലെ എല്ലാവരുടെയും,പ്രത്യേകിച്ച് ടീച്ചര്‍മാരുടെ ശ്രദ്ധ കിട്ടുന്ന വേറൊരു താരം ടിജി പ്രകാശ് ആയിരുന്നു. അവന്‍ ഒരല്പം അലമ്പനാണ്, അത് കൊണ്ടാണ് കേട്ടോ. പിന്നെ കുറെ പുസ്തക പുഴുക്കളും. ഒരിക്കല്‍ ഫിസിക്സ് ലെ ഒരു കണക്ക് മനസിലായില്ല എന്ന് പറഞ്ഞു സിറാജുല്‍ മുനീര്‍ കരച്ചിലിന്റെ വക്കോളം എത്തിയത് ഓര്‍ക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വരും. അതെ സാര്‍ തന്നെ (അലക്സാണ്ടര്‍ സര്‍) എമ്പോസിഷന്‍ എഴുതാത്തതിന് എന്നെ രണ്ടു പ്രാവശ്യം പുറത്ത് ആക്കിയിട്ടുമുണ്ട്. പിന്നെ കവിത എഴുതുന്ന സവീന്‍ഉം സുഭാഷും, എന്നും ജലദോഷമുള്ള പ്രശാന്ത്, SFI കാരുടെ ഇടി നല്ലവണം കിട്ടിയ ഷെറിന്‍, അങ്ങനെ ഒത്തിരി ഒത്തിരി കഥാ പാത്രങ്ങള്‍...
കലാലയ ജീവിതത്തില്‍ എനിക്ക് കിട്ടിയ നല്ല നല്ല ഓര്‍മകളില്‍ വളരെ കുറച്ചു മാത്രമാണ് ഞാന്‍ ഇവിടെ എഴുതിയത്. ഇനിയും എഴുതാന്‍ ഒത്തിരി ഉണ്ട്. ഒരിക്കലും മായാത്ത ആ പൂക്കാലം എനിക്ക് നല്കിയ എന്റെ സുഹൃത്തുക്കള്‍ക്ക് ഞാന്‍ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.
സ്നേഹത്തോടെ........
അനില്‍ കുമാര്‍ വി
പി ഡി സി സെക്കന്ഡ് ഗ്രൂപ്പ്
റോള് നമ്പര്‍ 63
സെന്‍റ് സേവിയേഴ്സ് കോളേജ്, തുമ്പ
No comments:
Post a Comment