മതി ഭ്രമത്തെ പറ്റി പറയുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരുന്നത് എന്‍റെ പത്താംക്ലാസ് വെക്കേഷന്‍ സമയമാണ്. പരീക്ഷയൊക്കെ എഴുതി ഇനി കുറച്ചു നാള്‍ അര്‍മാതിക്കാം എന്ന് വിചാരിചിരിക്കുംപോഴാണ് എന്‍റെ പുന്നാര അച്ഛന്‍ എന്നെ ടൈപ്പ് റൈറ്റിംഗ് ക്ലാസ്സിനു കൊണ്ട് ചേര്‍ത്തത്. അതെന്തിനായിരുന്നു എന്നെനിക്ക് അറിയില്ല. അക്കാലത്ത് (വര്‍ഷം 2000) ഓഫീസുകളിലും മറ്റും ഈ യന്ത്രത്തില്‍ നിന്നും ഉയരുന്ന കട കട ശബ്ദം ഒരു ഐശ്വര്യമായിരുന്നു. ടൈപ്പ് റൈറ്റിംഗ് പഠിച്ചില്ലെങ്കില്‍ ജീവിതം വെയിസ്റ്റ് ആയി എന്ന് കരുതിയവരായിരുന്നു അക്കാലത്തെ മലയാളികള്‍. കുറച്ചു കാലത്തേക്ക് മലയാളിക്ക് ഒരു മതി ഭ്രമം. എന്തായാലും എനിക്ക് കിട്ടിയ ആ എണ്ണയിടാത്ത യന്ത്രത്തില്‍ മുഷിഞ്ഞ കൂതറ പേപ്പറില്‍ എന്‍റെ പേര് ആദ്യമായി ടൈപ്പ് ചെയ്തപ്പോള്‍ എനിക്ക് അവാച്യമായ ഒരു അനുഭൂതി അനുഭവപ്പെട്ടെങ്കിലും കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ അവിടുന്ന് ചാടി.
മലയാളികളുടെ മനസിനെ തരളിതമാക്കുന്ന വാഗ്ദാനങ്ങള്‍ നിരത്തിക്കൊണ്ടവതരിച്ച രണ്ടു സംഭവങ്ങളാണ് വാനിലയും മാഞ്ചിയവും. അങ്ങ് മഡ ഗാസ്കാറില്‍ ഉല്‍പാദനം കുറഞ്ഞത് കൊണ്ട് അടുത്ത ചാന്‍സ് കേരളത്തിനാണ് എന്നും ഇതു കേട്ട പാതി ഇവിടുത്തെ കര്‍ഷക ശ്രീകള്‍ പറമ്പിലുള്ള സകലമാന വിളകളും വെട്ടിക്കളഞ്ഞ് വാനില വള്ളികള്‍ പടര്ത്തിയതും നമുക്ക് ഓര്‍മയുണ്ട്. വാനില കായ്കള്‍ നീളം വയ്ക്കുന്നത് സ്വപ്നം കണ്ടുറങ്ങിയ നമ്മുടെ പാവം കര്‍ഷകര്‍ക്ക് പക്ഷേ കാര്യമായൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് മൊത്തത്തിലുള്ള അവലോകനം. വാനില തൈ മോഷണം ,കായ മോഷണം തുടങ്ങിയ കലാപരിപാടികള്‍ അക്കാലത്ത് അരങ്ങേറിയതിനാല്‍ വാനിലയ്ക്ക് സംരക്ഷണം കൊടുത്ത ആള്‍കാരും കുറവല്ല. മാഞ്ചിയത്ത്തിന്റെ അവസ്ഥയും ഇതു പോലെയാണ്. ഇപ്പോഴും അന്ന് വച്ച മാഞ്ചിയം ഒന്നുമാകാതെ നില്‍ക്കുന്ന പറമ്പുകള്‍ നമുക്ക് ചുറ്റും ധാരാളം ഉണ്ട്. ഈ മതി ഭ്രമത്തില്‍ ചുറ്റിപ്പോയവരാണു ധാരാളം മലയാളികള്‍.
ഫാഷന്‍- മലയാളികള്‍ ഫാഷന് വലിയ സ്ഥാനം കൊടുക്കാത്ത ഒരു കാലം ഉണ്ടായിരുന്നു. നമ്മളെ സംബന്ധിച്ചു ഫാഷന്‍ എന്ന് പറഞ്ഞാല്‍ ഇത്തിരി ചാന്തും പൊട്ടും പൌഡറും കണ്മഷി യും മാത്രമായിരുന്നു. വാച് എന്ന ഉപകരണം സമയം നോക്കാന്‍ മാത്രമായിരുന്നു. കാലം മാറി, ഫാഷനും മാറി. ഇറക്കം കൂടിയും കുറഞ്ഞും പലതും നമുക്ക് മുന്‍പില്‍ അവതരിച്ചു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഫാഷന്റെ കാര്യത്തില്‍ കുറഞ്ഞു വന്നു. വസ്ത്രങ്ങളിലും ഈ "കുറവ്" പ്രകടമായി. മലയാളികളെ മൊത്തത്തില്‍ നോക്കിയാല്‍ ഫാഷന്‍ ഡിസാസ്ടര്‍ ആണ് കാണാന്‍ കഴിയുക.യോജിക്കാത്ത പലതും ഫാഷന്‍ ആയി കൊണ്ട് നടക്കുക. ലോ വെയിസ്റ്റ് പെന്‍സില്‍ ഫിറ്റ് ജീന്‍സുകള്‍ ആണല്ലോ കുമാരീ കുമാരന്മാര്‍ക്കിടയില്‍ ഇപ്പോള്‍ കത്തി നില്‍ക്കുന്നത്. ജീന്‍സിന് മുകളില്‍ ജോക്കീയോ കാല്‍വിന്‍ ക്ലെയിനോ കാണണം. അതാണ് പ്രശസ്തമായ 'ലോ വെയിസ്റ്റ് നിയമം" അനുശാസിക്കുന്നത്. കഴിഞ്ഞ ദിവസം ഒരുത്തനെ കണ്ടു. നല്ല കറുത്ത നിറം. മുടിയില്‍ കോപ്പര്‍ കളര്‍ ചെയ്തിരിക്കുന്നു. കരി ഓയില്‍ പാട്ടയ്ക്കു തീ പിടിച്ചപോലെ. കറുത്ത കംപ്ലെക്ഷന്‍ ഉള്ള ആള്‍ മുടിയ്ക്ക് ചുവപ്പ് നിറം കൊടുത്താല്‍ ശരിയാകുമോ? വേറൊന്നു കൂടി. സാദാ ജീന്‍സാണ് പയ്യന്‍സ് ധരിച്ചിരിക്കുന്നത്. പക്ഷേ അത് മാക്സിമം വലിച്ചു താഴ്ത്തി അണ്ടര്‍ വെയര്‍ അങ്ങ് വയറു വരെ പൊക്കി വച്ചിട്ടുമുണ്ട്. ഇട്ടിരിക്കുന്നത് ഏതോ മൂന്നാം ക്ലാസിലെ കുട്ടിയുടെ ഷര്‍ട്ടും. പോരെ പൂരം.. നമുക്ക് ഇതാണ് ഫാഷന്‍. കുമാരിമാര്‍ കുറച്ചൊക്കെ സംയമനം പാലിക്കുന്നവരാണ്. ചുണ്ട് നിറം പിടിപ്പിച്ചും മുടി പാറി പറപ്പിച്ച്ച്ചും അവര്‍ നടക്കുന്നു.ഒരിക്കലുമത് തെറ്റല്ല, പക്ഷേ ബസില്‍ കയറിയിട്ട് മുന്‍പിലത്തെ സീറ്റില്‍ ഇരിക്കുന്ന യുവതി കാര്‍കൂന്തല്‍ അങ്ങ് കെട്ടഴിച്ചു വിട്ടാല്‍ പിന്നിലെ സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് ജലദോഷം ഉറപ് പല്ലേ ? ഫാഷന് ഒരു മതി ഭ്രമം ആക്കാതെ മര്യാദയ്ക്ക് അവനവനു ചേരുന്നത് തിരഞ്ഞെടുത്താല്‍ എന്താണ് കുഴപ്പം?
അവസാനമായി ഒന്ന് കൂടി. മതി ഭ്രമം മൂത്ത് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നതും മലയാളിയുടെ ഒരു ആനന്ദമാകുന്നു. കേട്ടിട്ടില്ലേ രണ്ടു പേരുടെ കല്യാണം കഴിഞ്ഞു രണ്ടാഴ്ച തികച്ചായാല്‍ ഉടന്‍ വരും ചോദ്യം- "വിശേഷം ഒന്നുമായില്ലേ ?" ആയെന്നു പറഞ്ഞാലും ആയില്ലെന്ന് പറഞ്ഞാലും ചോദിക്കുന്നവന് (പ്രത്യേകിച്ചും സ്ത്രീകള്‍) ഒന്നുമില്ല. എന്നാലും ചുമ്മാ ചോദിക്കും. നമ്മളെക്കാള്‍ നമ്മുടെ കാര്യത്തില്‍ ശ്രദ്ധ മറ്റുള്ളവര്‍ക്കാണ്. ഇനി വടക്കേതിലെ ജാനു പ്രസവിച്ചു എന്ന് കേട്ടാലോ ഉടന്‍ വരും അടുത്ത ചോദ്യം- "കുട്ടി ആണോ പെണ്ണോ?" കുട്ടി ആണായാലും പെണ്ണായാലും ഒന്ന് മതി എന്ന കാര്യത്തില്‍ ഉപദേശിക്കാന്‍ ഒന്നുമല്ല ഇവര്‍ ഇത്യാതി അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചോദിച്ചില്ലെങ്കില്‍ എന്തോ ഒരിത്...അത്ര മാത്രം. അനവസരത്തിലുള്ള ചോദ്യങ്ങളും ധാരാളം. ഒരിക്കല്‍ഓഫീസില്‍ എന്നെ സുഹൃത്ത് കാണാന്‍ വന്നു. പോലീസില്‍ ആണ് സുഹൃത്ത്. യൂണീഫോമില്‍ ആണ് വന്നത്. അടുത്ത നിന്ന ആളിന് ഞാന്‍ സുഹൃത്തിനെ പരിചയപ്പെടുത്തി, ഉടന്‍ വന്നു ചോദ്യം സുഹൃത്തിനോട് - "ഇപ്പോള്‍ എന്ത് ചെയ്യുന്നു?" വേറൊരു സംഭവം- ഫിസിക്സ് ടീച്ചര്‍ ഇന്റര്‍വ്യൂ നടക്കുന്നു. സര്‍ട്ടിഫിക്കട്ടുകള്‍ പരിശോധിക്കുന്ന വേളയില്‍ ഒരു പെണ്‍കുട്ടിയോട് ചോദ്യം - ' എക്സ് സര്‍വീസ് മാന്‍ ആണോ?" ....... കേരളത്തിലെ പ്രശസ്തമായ ഒരു സര്‍വകലാശാലയില്‍ അഭിമുഖംനടക്കുന്നു- ചോദ്യകര്‍ത്താവ്- "പേരെന്താണ്?' ഉദ്യോഗാര്‍ത്ഥി- പ്രസന്നന്‍ എല്‍ ജി. അടുത്ത ചോദ്യം- " ശരി നിങ്ങളുടെ ഇനിഷ്യലില്‍ ഉള്ള ഒരു ഉല്പന്നത്തിന്റെ പേര് പറയൂ.."
ഉദ്യോഗാര്‍ത്ഥി- " എല്‍ ജി ഇലക്ട്രോണിക്സ്. " ഉടന്‍ വന്നു അടുത്ത ചോദ്യം- "അതെന്താ എല്‍ ജി കായം പറയാത്തത്? " ചോദ്യകര്‍ത്താവ് വെറും ഒരു കായത്തിന്റെ പേരില്‍ നടത്തിയ കടും പിടുത്തം കാരണം അയാള്‍ക്ക് മാര്‍ക്ക് പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.
ഇങ്ങനെ ഒത്തിരി ഭ്രമങ്ങള്‍ നമുക്ക് മലയാളികള്‍ക്ക് ഉണ്ടെങ്കിലും സത്യത്തില്‍ അതാണല്ലോ മലയാളിയുടെ മുഖ മുദ്ര. ഇതൊക്കെ കൊണ്ടായിരിക്കും നമ്മള്‍ മലയാളികള്‍ ബാക്കി ഭാഷക്കാരില്‍ നിന്നും വ്യത്യസ്തര്‍ ആകുന്നത്. മദ്യമാകുന്നു ഇപ്പോഴത്തെ ഭ്രമം. വരും വര്‍ഷങ്ങളിലും ആ ഭ്രമം പരകൊടിയിലെത്തും. എല്ലാവര്ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതു വല്സരാഷസ്മ്സകള്‍. (സോറി നാവു വഴങ്ങുന്നില്ല) സീ യു നെക്സ്റ്റ് ഇയര്‍......
സ്വല്പം അഹങ്കാരത്തോടെ...
അനില്‍ കൃഷ്ണതുളസി
വാല്‍ക്കഷ്ണം- കേരളത്തില്‍ മദ്യ ഉപയോഗം ഇക്കഴിഞ്ഞ ക്രിസ്മസ്സിനു വീണ്ടും റെക്കോഡ് സൃഷ്ടിച്ച്ചല്ലോ. എല്ലാ പ്രാവശ്യത്തെ പോലെ ഇത്തവണയും ചാലക്കുടി ആണ് ഒന്നാം സ്ഥാനത്ത്. ചാലക്കുടിക്കാരല്ല മറിച്ചു അവിടെ വരുന്ന വിനോദ സഞ്ചാരികളാണ് ഇത്രയ്ക്കും മദ്യം വാങ്ങി ഉപയോഗിക്കുന്നത് എന്നാണ് ചാലക് കുടിയുടെ സ്വന്തം കലാഭവന്‍ മണി പറയുന്നത്. മറ്റുള്ളവരുടെ തലയില്‍ പഴി ചാരുന്നത് നമ്മള്‍ മലയാളികളുടെ വേറൊരു മതി ഭ്രമം.