പഴയ ചിത്രം എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരുന്നത് അന്തരിച്ച തിക്കുറിശി സര്‍ ന്റെ ജീവിത നൗക ആണ്. ഞാന്‍ അത് എവിടെ വച്ചാണ് കണ്ടത് എന്ന് ഓര്‍മയില്ല, പക്ഷെ അതില്‍ തിക്കുറിശി, തല പ്രത്യേക രീതിയില്‍ ഇടത്തോട്ടും വലത്തോട്ടും ആട്ടി ഒരു പാടു പാടുന്ന സീന്‍ ഇപ്പോഴുംനല്ല ഓര്‍മയുണ്ട്. വരൂ ഗായികേ വാനില്‍ വരൂ ഗായികേ എന്ന ഗാനം. നായിക ഒരു കിലോമീറ്റര്‍ അപ്പുറത്ത് ഒരു ഓലയില്തൂങ്ങി കയ്യും കാലും കണ്ണും ഇളക്കുന്നതല്ലാതെ വേറെ ഒന്നുമില്ല. പാട്ട് തീരുന്നതുവരെ നായകന്‍ അവിടെ തന്നെ തലയാട്ടി ഒറ്റ നില്‍പ്പാണ്. എന്തൊരു അറുബോറന്‍ പ്രണയം.. പിന്നീട് തിക്കുറിശി സാറിന്‍റെ അത്തരം സിനിമകള്‍ ഒന്നും തന്നെ ഞാന്‍ കണ്ടിട്ടില്ല.
മനസ്സില്‍ ഒരുപാട് ചിത്രങ്ങള്‍ പിന്നെയും ഉണ്ട്. മിക്കതും പ്രേംനസീറിന്റെയും സത്യന്‍ മാഷിന്റെയും ചിത്രങ്ങള്‍. ഒരുകാലത്ത് മലയാളം സിനിമ അടക്കി വാണവര്‍. സിനിമയുടെ കാര്യത്തില്‍ റെക്കോഡ് ഇട്ടവര്‍. നൂറു നൂറു കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയവര്‍. കഥകള്‍ക്കും ഏകദേശ സാമ്യമുണ്ടാവും. ദാരിദ്ര്യം പിടിച്ച നായകന്‍, അവനു വലിയ വീട്ടിലെ അങ്ങുന്നിന്റെ മകളോട് അനുരാഗം തോന്നുന്നു. അല്ലെങ്കില്‍ നേരെ തിരിച്ച്, ശീമയിലോ മലയായിലോ ഉന്നത വിദ്യാഭ്യാസത്തിനു പോയി കൊച്ചു മുതലാളി ബിസിനസ് നടത്താനായി നാട്ടില്‍ വരുന്നു.അയാള്‍ക്ക് പാവപ്പെട്ട വേലക്കാരിയോട് പ്രേമം. ദുഷ്ടയായ അമ്മ, നല്ലവനായ കാര്യസ്ഥന്‍, മേമ്പൊടിയായി അടൂര്‍ ഭാസിയുടെയോ ബഹദൂരിന്റെയോ ഹാസ്യം. അടൂര്‍ ഭാസിയുടെ നിര്‍ദോഷമായ ഹാസ്യം കണ്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്‍റെ അച്ഛന്‍ ചിരിച് ചിരിഞ്ഞു കണ്ണ് നിറയുന്നത് കണ്ട ഞാന്‍ പലപ്രാവശ്യം ആത്മഗതം നടത്തിയിട്ടുണ്ട്, കഷ്ടം........ അടൂര്‍ ഭാസി തമാശ കാണിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ "കുവാന്‍ഗ്,കുവാന്‍ഗ് " എന്ന ശബ്ദം കേള്‍ക്കാറുണ്ട്. എല്ലാ സിനിമയിലും ആ പ്രത്യേക ശബ്ദം ഉണ്ടായിരുന്നു. ആ തമാശകള്‍ കണ്ട് ഒരു തലമുറ മുഴുവന്‍ ആര്‍ത്ത് ചിരിച്ചിരുന്നു.
അന്നത്തെ സിനിമകളില്‍ മിക്ക സിനിമകളിലും ഉണ്ടായിരുന്ന ചില എലെമെന്റ്സ് ഉണ്ടായിരുന്നു. ഉദാഹരണത്തിന് മകന്‍ കഞ്ചാവ് വലിച്ചു വഴി പിഴക്കുമ്പോള്‍ അവന്‍റെ അച്ഛന്‍ ചുമച്ച് ചുമച്ച് മാരകരോഗത്തിന് അടിമയാകും. മിക്കവാറും അസുഖം ക്ഷയമോ കുഷ്ടമോ ആകും. അതെ അന്നത്തെ കാലത്ത് ആധുനിക വൈദ്യ ശാസ്ത്രത്തിനു പോലും കീഴ്പ്പെടുത്താന്‍ കഴിയാത്ത മാരക രോഗം. ആ രോഗിയായ അച്ഛന്‍ മകനോട് പറയുന്നു, "മകനെ, നിന്നെ പഠിപ്പിച്ച് ഒരു ബി എ കാരന്‍ ആക്കണം എന്നായിരുന്നു സൗദാമിനി (അമ്മ) യുടെ ആഗ്രഹം, നീ കുലം മുടിച്ചല്ലോടാ ദ്രോഹീ..........." ഇത്രയും പറഞ്ഞു അയാള്‍ തല 360 ഡിഗ്രീ കോണില്‍ ഇളക്കി മരിക്കുന്നു. പിന്നീട് ജയന്‍ നായകന്‍ ആയി വന്നപ്പോള്‍ മാരക രോഗം ഒന്ന് കൂടി തീവ്രമായി രക്താര്‍ബുദം ആയി. പഴയകാല നായികമാരില്‍ രക്താര്‍ബുദം വന്നു മരിച്ചവര്‍ ഏറെയാണ്. പിന്നെയുമുണ്ട് സംഗതികള്‍. ദാരിദ്ര്യം കാരണം അബലയായ നായിക ആത്മഹത്യ ചെയ്യുന്നു. ശവം ഉമ്മറത്ത് കിടത്തിയിരിക്കുന്നു. തൂവെള്ള സാരി. കിടപ്പ് അറ്റെന്‍ ഷനില്‍. മുഖത്ത് കട്ടയ്ക്ക് വെള്ള പൂശിയിരിക്കുന്നു. കറുത്ത ലിപ്സ് ടിക്ക്. മക്കളായ അനുജനും ജ്യേഷ്ടനും കള്ള വണ്ടി കയറി രണ്ടു വഴിയ്ക്ക്. ഒരാള്‍ നല്ലവനും മറ്റൊരാള്‍ കൊള്ളക്കാരനും ആകുന്നു. അവസാനം "ജ്യേഷ്ടാ, അനുജാ എന്ന് വിളിച്ച് വികാര നിര്‍ഭരം ആയ കെട്ടിപ്പിടുത്തം.
പിന്നെയുമുണ്ട് കഥകള്‍ വേറെ. ബെഡ് റൂം സീനില്‍ സീലിംഗ് ഫാന്‍ കാണിക്കുന്നത്, തടിച്ചു കൊഴുത്ത മാദക സുന്ദരി മദ്യ ശാലയുടെ മുകളിലത്തെ നിലയില്‍ നിന്നും കുലുങ്ങി കുലുങ്ങി കളിച്ചു കളിച്ചു താഴേക്ക് ഇറങ്ങി വരുന്നത്, രണ്ടു ദിവസം കൊണ്ട് അതിയായ ദുഖത്താല്‍ കട്ടയ്ക്ക് താടി വളരുന്ന നായകന്‍, പ്രിയതമനെ ടെലെ ഫോണില്‍ "കാണ്ടാക്റ്റ് " ചെയ്യുന്ന കൊച്ചമ്മ, മുട്ടറ്റം ഇറക്കമുള്ള പാവാട ഇട്ട് പരിഷ്കാരിയായി "കാളേജില്‍" പോകുന്ന 18 കാരി, രഹസ്യ സങ്കേതത്തില്‍ നൂറോളം ബള്‍ബുകള്‍ കത്തിച്ചു വച്ച് " മുവാംഗ്.. ." എന്ന മുരള്‍ച്ചയോടെ തുറക്കുന്ന യന്ത്ര വാതിലില്‍ കിങ്കരന്മാരെ കാവല്‍ നിര്‍ത്തുന്ന അധോലോക നായകന്‍, അങ്ങനെ എത്ര എത്ര ആളുകള്‍. എനിക്ക് തോന്നിയിട്ടുള്ള വേറൊരു കാര്യം സംഘട്ടനം നടത്തുന്ന രീതിയാണ്, പഴയ നായകന്മാര്‍ "പിശ്യൂം.. പിശ്യൂം..." എന്ന് വില്ലനെ അടിചിടുമ്പോള്‍ ജയനെപ്പോലുള്ള ആളുകള്‍ വില്ലന്റെ അടിച്ചു ശേരിപ്പെടുത്ത്‌ന്ന വിധം വേറെയാണ്. അവിടെ കേള്‍ക്കുന്ന ശബ്ദം "ട്ടഹ... ട്ടഹ...' എന്നാണ്. പിന്നെ അടിക്ക് ഭയങ്കര വേഗവും പിന്നണിയില്‍ "ണാകുട് കുടുതും ണാകുട് കുടുതും ണാകുട് കുടുതും ണാ.." എന്ന ശീല്‍ക്കാരവും. പ്രേം നസീര്‍ ഒരിക്കല്‍ എഴുനിലക്കെട്ടിടത്ത്തില്‍ ചാടിക്കയറി യത് എനിക്ക് ഇപ്പോഴും അത്ഭുതമാണ്. അംഗ രാജ്യത്തിലെ കുങ്ക മഹാരാജാവായി നസീര്‍ കച്ച കെട്ടി നില്‍ക്കുന്നു. അന്തപ്പുരത്തില്‍ അഞ്ചു കിലോ ഭാരം വരുന്ന തലക്കെട്ടും ആടയാഭരണങ്ങളും ആയി നായിക. നായകന് നായികയെ കാണണം. നായകന്‍ ഒന്ന് ചാടി, ഭൂമിക്ക് നോവുന്നത് പോലെ. 'ടൂംഗ്.. എന്ന ഒരു ശബ്ദത്തോടെ നായകന്‍ കൊട്ടാരത്തില്‍. പിന്നെ അവിടെ നടക്കുന്ന രംഗം പക്ഷെ അപ്പോള്‍ കാണിക്കുന്ന മുയലുകളെയോ ഇണപ്രാവ് കളെയോ മാന്‍ പേട കളെയോ കണ്ട് നമ്മള്‍ ഊഹിച്ചു കൊള്ളണം.
ഇങ്ങനെ അന്നത്തെ കാലത്ത് ഒരു തലമുറയെ തൃപ്തിപ്പെടുത്തിയ എല്ലാവരുടെയും വിയര്‍പ്പിന്‍റെ വില മനസിലാകണം എങ്കില്‍ വല്ലപ്പോഴും അത്തരം സിനിമകള്‍ നമ്മള്‍ കാണണം. മലയാള സിനിമയെ ഇന്നത്തെ ഈ നിലയില്‍ എത്തിക്കാന്‍ അവര്‍ നടത്തിയ പരിശ്രമങ്ങള്‍ നാം മറന്നു കൂടാ.കാലം മാറി,കഥ മാറി,നിറംമാറി. എങ്ങിലുംഗതകാല സ്മരണകളും ആയി സിനിമകള്‍ ചാനലില്‍ വീണ്ടും വീണ്ടും. അയോധ്യയും മൂലധനവും ചട്ടക്കാരിയും ആഭി ജാത്യവും, സര്‍വെക്കല്ലും,ഭാര്യയും, ഭാര്‍ഗവീ നിലയവും എല്ലാം നമ്മുടെ മുന്‍പില്‍വീണ്ടും വീണ്ടും തെളിയുന്നു. നമുക്കത് കാണാം.
ശുഭം......